ബെംഗളൂരു: നക്‌സല്‍ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കര്‍ണാടകയില്‍ ഒരു നക്‌സല്‍ നേതാവ് കൊല്ലപ്പെട്ടു. ഉഡുപ്പി ജില്ലയിലെ കര്‍ക്കാല താലൂക്കിലെ ഈഡു ഗ്രാമത്തിലാണ്സംഭവം.
തിങ്കളാഴ്‌ച ഉച്ചയോടെയാണ് നക്‌സല്‍ വിരുദ്ധ സംഘം പ്രദേശത്ത് ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ആക്രമണം ആരംഭിച്ചതും. വിക്രം ഗൗഡ എന്ന മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ വനത്തിലേക്ക് രക്ഷപ്പെട്ടു.
രണ്ട് പതിറ്റാണ്ടായി ദക്ഷിണേന്ത്യയില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് വിക്രം ഗൗഡ. കേരളത്തിലും തമിഴ്‌നാട്ടിലുമായി ആയിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. നിരവധി തവണ കര്‍ണാടകയിലെ കുടകിലും എത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റേഷന്‍ വാങ്ങാനെത്തിയ അഞ്ചംഗ സംഘത്തിന് നേരെയാണ് നക്‌സല്‍ വിരുദ്ധ സേന ആക്രമണം നടത്തിയത്.
ഇരുപത് കൊല്ലമായി പൊലീസ് തേടിക്കൊണ്ടിരുന്ന നക്‌സല്‍ നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര്‍ സ്ഥിരീകരിച്ചു. ഇരുപത് കൊല്ലമായി ഗൗഡ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും അദ്ദേഹം സദാശിവനഗറിലെ വീടിന് സമീപം വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി. ഇയാളെ ജീവനോട് പിടികൂടാനായില്ല.