ന്യൂഡല്‍ഹി:കേന്ദ്ര ബജറ്റ് 2024-25 രാജ്യത്തിന്‍റെ സാമ്പത്തിക വികസനത്തിന് പുത്തൻ ഉണർവ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതാണ് ബജറ്റ്. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി.
ആദിവാസി സമൂഹം, ദലിതർ, പിന്നോക്ക വിഭാഗങ്ങൾ എന്നിവരെ ശാക്തീകരിക്കാൻ ശക്തമായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. യുവാക്കൾക്ക് എണ്ണമറ്റ അവസരങ്ങൾ നൽകും. നികുതി, ടിഡിഎസ് നിയമങ്ങൾ സംബന്ധിച്ച പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.
ടൂറിസം മേഖലയ്ക്കും കൂടുതല്‍ സാധ്യത നല്‍കി. നികുതി കുറയ്ക്കും. കൂടാതെ ടിഡിഎസ് നിയമങ്ങളും ലളിതമാക്കി. ഹൈവേകളുടെയും ജല-വൈദ്യുത പദ്ധതികളുടെയും നിർമ്മാണത്തിലൂടെ കിഴക്കൻ മേഖലയിലെ വികസനം ത്വരിതപ്പെടുത്തും. നിർമ്മാണങ്ങള്‍ക്കും അടിസ്ഥാന സൗകര്യവികസനത്തിനും വളരെയധികം ശ്രദ്ധ നല്‍കി.
ഇന്ത്യയെ ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്‌ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം സുഗമമാക്കും. എംപ്ലോയ്‌മെൻ്റ് ലിങ്ക്ഡ് ഇൻസെന്‍റീവ് സ്‌കീം വഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. അപ്രന്‍റിസ്ഷിപ്പ് പ്രോഗ്രാമിന് കീഴിൽ യുവാക്കൾക്ക് രാജ്യത്തെ മികച്ച കമ്പനികളിൽ ജോലി ചെയ്യാൻ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു.
Also Read:മൊബൈല്‍ ഫോണിന് വില കുറയും, മൂന്ന് കാന്‍സര്‍ മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഇളവ്; ബജറ്റില്‍ ധനമന്ത്രി - TAX AND BANKING IN BUDGET