ന്യൂഡൽഹി :1919 ഏപ്രിൽ 13 ന് ഇന്ത്യയിൽ നടന്ന ആ കറുത്ത ദിനം ഓർക്കുമ്പോൾ തന്നെ കണ്ണുകളിൽ വേദന നിറയ്‌ക്കുന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ആ വേദനിപ്പിക്കുന്ന ഓർമകളുമായി 105 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് രാജ്യം. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
ജാലിയൻ വാലാബാഗിൽ മാതൃരാജ്യത്തിനായി എല്ലാം ത്യജിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും എന്‍റെ ഹൃദയംഗമമായ ആദരാഞ്ജലികൾ! സ്വരാജിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ മഹാത്മാക്കളോടും രാജ്യത്തെ ജനങ്ങൾ എന്നും കടപ്പെട്ടിരിക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു എക്‌സിൽ കുറിച്ചു. ആ രക്തസാക്ഷികളുടെ ദേശസ്നേഹത്തിന്‍റെ ആത്മാവ് വരും തലമുറകൾക്ക് എന്നും പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
കൊളോണിയൽ ഭരണകൂടത്തിന് അടിച്ചമർത്തൽ അധികാരം നൽകിയ റൗലറ്റ് നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച നൂറുകണക്കിന് ആളുകളെ ബ്രിട്ടീഷ് സൈന്യം യാതൊരു പ്രകോപനവുമില്ലാതെകൊന്നുവെന്നും രഷ്‌ട്രപതി പറഞ്ഞു. അതേസമയം കൂട്ടക്കൊലയുടെ വേദനിപ്പിക്കുന്ന ഓർമകൾ പങ്കുവെക്കുന്ന ഒരു വീഡിയോ പ്രധാനമന്ത്രി ഷെയർ ചെയ്‌തിട്ടുണ്ട്.