കേരളം

kerala

ETV Bharat / bharat

ഭാരതരത്ന ജേതാക്കളെല്ലാം അര്‍ഹര്‍, തീരുമാനം വൈകിപ്പോയി, വര്‍ഗീസ് കുര്യനുകൂടി ലഭിക്കേണ്ടതുണ്ട് : എന്‍ റാം - എന്‍ റാം

ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പ്രഖ്യാപനത്തിൽ പ്രതികരണമറിയിച്ച് മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം

Bharat ratna winners  journalist N Ram  ഭാരത രത്ന  എന്‍ റാം  ഭാരത രത്ന പുരസ്‌കാര ജേതാക്കൾ
N Ram

By ETV Bharat Kerala Team

Published : Feb 9, 2024, 8:18 PM IST

ചെന്നൈ :മുന്‍ പ്രധാനമന്ത്രിമാരായ പിവി നരസിംഹറാവുവിനും ചരണ്‍സിങ്ങിനും കാര്‍ഷിക ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ എംഎസ് സ്വാമിനാഥനും ഭാരത രത്ന നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം. പക്ഷേ ഇവര്‍ക്കുള്ള അംഗീകാരം വളരെ വൈകിപ്പോയെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. അമുല്‍ സ്ഥാപകന്‍ വര്‍ഗീസ് കുര്യനുകൂടി ഭാരത രത്ന നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു (N Ram on Bharat ratna).

എനിക്ക് എംഎസ് സ്വാമിനാഥനെ അടുത്തറിയാം. ഞാന്‍ കണ്ടതില്‍ ഏറ്റവും മഹാനായ മനുഷ്യനാണ്. എന്തൊക്കെ പുരസ്‌കാരങ്ങള്‍ ലഭിച്ചാലും അതൊന്നും അദ്ദേഹം സ്വന്തമാക്കിയിരുന്നില്ല. എല്ലാം ഫൗണ്ടേഷന് സമര്‍പ്പിക്കുകയായിരുന്നു. അതാണ് അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയെന്നും എന്‍ റാം പറഞ്ഞു.

ഐപിഎസ് ലഭിച്ചിട്ട് വേണ്ടെന്നുവച്ച് ഗവേഷണത്തില്‍ മുഴുകിയ ആളാണ് സ്വാമിനാഥന്‍. കാര്‍ഷിക മേഖലയ്ക്ക് സ്വാമിനാഥന്‍റെ സംഭാവന ഏറ്റവും ഉചിതമായ സമയത്താണ് വന്നത്. ഗോതമ്പിന്‍റേയും നെല്ലിന്‍റേയും ഉത്പാദനം കൂട്ടുന്നതിനുള്ള സത്യസന്ധവും ആത്മാര്‍ത്ഥവുമായ ശ്രമങ്ങള്‍ സ്വാമിനാഥന്‍റെ ഭാഗത്തുനിന്നുണ്ടായി.

അതിന് അക്കാലത്ത് മന്ത്രിയായിരുന്ന സി സുബ്രഹ്മണ്യത്തിന്‍റെ പിന്തുണയും ലഭിച്ചു. ഹരിത വിപ്ലവം നമ്മുടെ ഭക്ഷ്യ സുരക്ഷയെ നശിപ്പിച്ചു എന്ന വാദക്കാരോടൊന്നും എനിക്ക് യോജിപ്പില്ല. ഹരിതവിപ്ലവം നടപ്പാക്കിയിരുന്നില്ലെങ്കില്‍ ക്ഷാമം കാരണം നമ്മുടെ ജനത ചത്തൊടുങ്ങുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രത്തിന്‍റെ മേധാവിയായിരിക്കെ നടത്തിയ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തിലും ഭക്ഷ്യ ക്ഷാമം ഒഴിവാക്കാന്‍ സ്വാമിനാഥന് സാധിച്ചു. അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ ഈ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നുവെന്നും എന്‍ റാം അഭിപ്രായപ്പെട്ടു.

നരസിംഹറാവു ഇന്ത്യയുടെ വികസന ഗതി മാറ്റി :അതി ബുദ്ധിമാനും മഹാപണ്ഡിതനുമായ നരസിംഹറാവുവിനെ അദ്ദേഹം വിദേശകാര്യ മന്ത്രിയായിരിക്കെ തൊട്ട് പരിചയമുണ്ടായിരുന്നെന്ന് എന്‍ റാം അനുസ്‌മരിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു കഴിഞ്ഞാല്‍ രാജ്യം കണ്ട ഏറ്റവും ബുദ്ധിശാലിയായ പ്രധാനമന്ത്രിയായിരുന്നു നരസിംഹറാവു. അദ്ദേഹത്തിന്‍റെ ആശയഗതികളോട് യോജിച്ചാലുമില്ലെങ്കിലും പ്രധാനമന്ത്രി റാവുവും ധനമന്ത്രി മന്‍മോഹന്‍ സിങ്ങുമാണ് രാജ്യത്ത് ചരിത്രപരമായ വികസന ഗതിമാറ്റം ഉണ്ടാക്കിയതെന്ന് നിസ്സംശയം പറയാം.

ആ മാറ്റങ്ങള്‍ കൊണ്ടുണ്ടായ നേട്ടം എന്തായിരുന്നാലും രാജ്യത്തെ സംബന്ധിച്ച് അത് വലുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൗധരി ചരണ്‍സിങ്ങിന് ഭാരതരത്ന നല്‍കിയത് എന്തുകൊണ്ടും ഉചിതമാണ്. പ്രൊഫസര്‍ പോള്‍ ബ്രാസ് എഴുതിയ ജീവചരിത്രം വായിച്ചാല്‍ ചരണ്‍സിങ് രാജ്യത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തുകൊണ്ട് ഇപ്പോള്‍ ഈ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു എന്ന ചര്‍ച്ചയിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്തുതന്നെയായാലും ഇവരൊക്കെ പുരസ്‌കാരത്തിന് യോഗ്യരാണ്.

വര്‍ഗീസ് കുര്യനും അർഹൻ : അമുല്‍ കുര്യന്‍ എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യനുകൂടി ഈ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ട്. പ്രധാനമന്ത്രി മോദി അതും ട്വിറ്ററിലൂടെ (X) അറിയിക്കില്ലെന്ന് ആരുകണ്ടു. വരും നാളുകളില്‍ അതുകൂടി സംഭവിച്ചാല്‍ ഈ സര്‍ക്കാര്‍ രാജ്യ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചവരെ അംഗീകരിക്കുന്നതില്‍ ഗൗരവതരമായാണ് നീങ്ങുന്നതെന്ന് നമുക്ക് നിസ്സംശയം പറയാനാകും.

പ്രൊഫസര്‍ സ്വാമിനാഥനും കുര്യനും തങ്ങളുടെ മേഖലയില്‍ നിസ്‌തുല സേവനം കാഴ്‌ചവച്ചവരാണ്. രാജ്യത്തെ പാലുത്പാദനത്തില്‍ സ്വയം പര്യാപ്‌തത കൈവരിക്കാനും ലോകത്തെ ഏറ്റവും വലിയ പാലുത്പാദക രാജ്യമാക്കാനും കുര്യന്‍ മുന്നോട്ടുവച്ച ധവള വിപ്ലവത്തിന് സാധിച്ചു.

കുര്യന്‍ സ്ഥാപിച്ച അമുല്‍ ഇന്നും സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ദശലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ ആ സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞെന്നും കുര്യനെപ്പോലെ യോഗ്യരായവരെ അംഗീകരിക്കാന്‍ വിട്ടുപോകരുതെന്നും എന്‍ റാം ഓര്‍മ്മിപ്പിച്ചു.

ABOUT THE AUTHOR

...view details