ന്യൂഡൽഹി : മഹാരാഷ്‌ട്ര തെരെഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എന്‍സിപി നേതാവും ശരദ് പവാറിൻ്റെ മകളുമായ സുപ്രിയ സുലേക്കും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളിനുമെതിരെ ആരോപണവുമായി ബിജെപി. സുപ്രിയ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകേസില്‍ പങ്കാളിയായെന്നാണ് ആരോപണം. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രനാഥ് പാട്ടീലാണ് 2018-ല്‍ സുപ്രിയയും മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളയും ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. തട്ടിപ്പു നടത്തിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പോളിങ് ദിനത്തില്‍ തന്നെയുള്ള മുന്‍ ഐപിഎസ് ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തല്‍ തെരെഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന ആശങ്കയുമുണ്ട്. അതേസമയം ബിജെപിയുടെ ആരോപണത്തിന് പിന്നാലെ മഹാ വികാസ് അഘാഡിയും രംഗത്തെത്തി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി മഹാ വികാസ് അഘാഡി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിനെ ബിജെപി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും മഹാ വികാസ് അഘാഡിയുടെ പരാതിയില്‍ പറയുന്നു. വ്യാജ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനും പുറമെ സൈബര്‍ സെല്ലിനും പരാതി നല്‍കിയതായി സുപ്രിയ വ്യക്തമാക്കി. താൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന് സുപ്രിയ സുലെ പറഞ്ഞു. തെരഞ്ഞെടുപ്പിൻ്റെ തലേദിവസം രാത്രിതന്നെ ആരോപണം ഉന്നയിക്കുന്നത് സത്യസന്ധരായ വോട്ടർമാരെ സ്വാധീനിക്കാനാണെന്നും സുപ്രിയ പറഞ്ഞു.
അതേസമയം 'ബിറ്റ്‌കോയിൻ കുംഭകോണം' എന്ന പേരില്‍ ചില ഓഡിയോ ക്ലിപ്പുകൾ ബിജെപി പുറത്തുവിട്ടു. ബിജെപി വക്താവ് സുധാംശു ത്രിവേദിയുടെ നീക്കത്തിനെതിരെ സുപ്രിയ സുലെ ശക്തമായി പ്രതികരിച്ചു. കോൺഗ്രസിൽ നിന്നും സുലെയിൽ നിന്നും മറുപടി വേണമെന്നും വോട്ടര്‍മാര്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മഹാരാഷ്‌ട്രയിലെ നാടകീയ സംഭവം.