മുംബൈ:ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഒരിക്കല്‍ കൂടി ശതകോടീശ്വരന്‍മാരുടെ നഗരമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വര നഗരമായാണ് മുംബൈ മാറിയിരിക്കുന്നത്. ബീജീങ്ങിനെ പിന്തള്ളിയാണ് മുംബൈയുടെ ഈ നേട്ടം. ഇതൊരു ശുഭസൂചനയാണെന്നും രാജ്യത്തെ സാമ്പത്തിക നയങ്ങളാണ് ഈയൊരു നേട്ടത്തിലേക്ക് മുംബൈയെ എത്തിച്ചതെന്നും സാമ്പത്തികശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ശതകോടീശ്വരന്‍മാരുടെ എണ്ണത്തിലും ബീജീംഗിനെ പിന്തള്ളി മുംബൈ ഒന്നാം സ്ഥാനത്ത് എത്തി ( Mumbai Billionaire Capital).
മഹാരാഷ്‌ട്രയുടെ തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാര്‍ ഉള്ളതെന്നും 2024 ലെ ഹുരുണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള ശതകോടീശ്വര നഗരങ്ങളില്‍ മുംബൈ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. 119 ശതകോടീശ്വരന്‍മാരുള്ള അമേരിക്കയിലെ ന്യൂയോര്‍ക്കാണ് ഒന്നാമതുള്ളത്. 97ശതകോടീശ്വരന്‍മാരുള്ള ബ്രിട്ടണിലെ ലണ്ടന്‍ രണ്ടാം സ്ഥാനത്തും 92 ശതകോടീശ്വരന്‍മാരുമായി മുംബൈ മൂന്നാം സ്ഥാനത്തുമാണുള്ളത്. ബീജിങ്ങില്‍ ഇപ്പോള്‍ 91 ശതകോടീശ്വരന്‍മാരാണുള്ളത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് മുംബൈ ഏഷ്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഇക്കൊല്ലം മാത്രം നഗരത്തില്‍ പുതുതായി 26 ശതകോടീശ്വരന്‍മാരാണ് ഉണ്ടായത്. മുംബൈയില്‍ എല്ലാ ശതകോടീശ്വരന്‍മാര്‍ക്കുമായി 44500 കോടി ഡോളറിന്‍റെ ആസ്‌തിയാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 47ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ബീജിങ്ങിലെ ശതകോടീശ്വരന്‍മാരുടെ ആസ്‌തി 26500 കോടി ഡോളറാണ്. ഇവിടുത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 28ശതമാനം ഇടിവുണ്ടായി.
കെട്ടിട നിര്‍മാതാക്കളുടെ ലാഭത്തിലുണ്ടായ വര്‍ദ്ധനയാണ് മുംബൈയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ പ്രകാശ് പഥക് പറയുന്നു. മുംബൈയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന സ്വാഭാവികമാണെങ്കിലും എന്നാല്‍ ഇത് മുംബൈ നഗരത്തിനുണ്ടാക്കുന്ന അധിക ബാധ്യത അസഹനീയമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ ഈ വര്‍ദ്ധന ഒരു പ്രകൃതി ക്ഷോഭമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.