മുംബൈ:മുംബൈയിൽ കനത്ത മഴയും പൊടിക്കാറ്റും മൂലം കൂറ്റൻ പരസ്യ ബോർഡ് തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 14 ആയി. മുംബൈയിലെ ഘാട്‌കോപ്പർ പ്രദേശത്താണ് തിങ്കളാഴ്‌ച വൈകുന്നേരം ഹോർഡിങ് തകർന്നുവീണ് ദാരുണാപകടം നടന്നത്. അപകടത്തിൽ 60ല്‍ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
എട്ട് മൃതദേഹങ്ങൾ ഇതിനകം തന്നെ അവശിഷ്‌ടങ്ങളിൽ നിന്ന് നീക്കം ചെയ്‌തതായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഇൻസ്‌പെക്‌ടർ ഗൗരവ് ചൗഹാൻ പറഞ്ഞു. ഇതിനിടെ സംഭവത്തിന്‍റെ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുംബൈ പൊലീസ് കമ്മിഷണർ വിവേക് ഫൻസാൽക്കർ എക്‌സിൽ പോസ്റ്റ് ചെയ്‌തു. രക്ഷാപ്രവർത്തനത്തിനായി മുംബൈ പൊലീസ് സംഘം സ്ഥലത്തുണ്ട്.
അതേസമയം, ഹോർഡിങ്ങിൻ്റെ ഉടമ ഭവേഷ് ഭിഡെയ്‌ക്കും മറ്റുള്ളവർക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) 304, 338, 337, 34 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മരണപ്പെട്ടവരുടെ കുടുംബത്തിന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ നൽകുമെന്നും പരിക്കേറ്റവരുടെ ചികിൽസയുമായി ബന്ധപ്പെട്ട എല്ല ചെലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവും വൈസ് പ്രസിഡൻ്റ് ജഗ്‌ദീപ് ധൻകറും അനുശോചനം രേഖപ്പെടുത്തി.
മുംബൈയിലെ ഘാട്‌കോപ്പർ പ്രദേശത്ത് ഹോർഡിങ് തകർന്ന് നിരവധി പേർ മരിച്ചുവെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്നും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും വിജയം കാണാനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും താൻ പ്രാർഥിക്കുന്നതായും രാഷ്‌ട്രപതി ദ്രൗപതി മുർമു കുറിച്ചു.
ദാരുണമായ സംഭവത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് വൈസ് പ്രസിഡൻ്റ് ധൻകറും പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് തൻ്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ALSO READ:മുംബൈയിൽ കനത്ത കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണു: നാല് മരണം, 65 പേർക്ക് പരിക്ക്