കേരളം

kerala

വഖഫ് ഭേദഗതി ബില്ല്: ലോക്‌സഭയില്‍ എതിര്‍പ്പുമായി പ്രതിപക്ഷം, കേരള എംപിമാരുടെ വാക്കുകളിലേക്ക് - Kerala MPs Oppose Waqf Bill

By ETV Bharat Kerala Team

Published : Aug 8, 2024, 7:25 PM IST

Updated : Aug 8, 2024, 7:56 PM IST

ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെ എതിര്‍ത്ത് കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍. ബില്ലിന് പിന്നില്‍ മറ്റ് അജണ്ടകളെന്നും ആരോപണം. ലോക്‌സഭയിലെ എംപിമാരുടെ പ്രതികരണങ്ങളിങ്ങനെ.

KERALA MPS IN LS WAQF BILL  E T MOHAMMED BASHEER WAQF BILL  കേരള എംപി വഖഫ് ഭേദഗതി ബില്‍  വഖഫ് ബില്‍ ഇടി മുഹമ്മദ് ബഷീര്‍
New Parliament Building (ETV Bharat)

ന്യൂഡല്‍ഹി :വഖഫ് (ഭേദഗതി) ബില്ലിനെ ലോക്‌സഭയില്‍ ശക്തമായി എതിര്‍ത്ത് കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍. മുസ്‌ലീം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍, ആര്‍എസ്‌പി എംപി എൻകെ പ്രേമചന്ദ്രൻ, സിപിഎം എംപി കെ.രാധാകൃഷ്‌ണന്‍, കോണ്‍ഗ്രസ് എംപി കെ.സി വേണുഗോപാല്‍ എന്നിവര്‍ ബില്ലിനെതിരെ ശക്തമായി പ്രതികരിച്ചു.

എംപിമാര്‍ പാര്‍ലമെന്‍റില്‍ പറഞ്ഞത് :

ഇടി മുഹമ്മദ് ബഷീര്‍ : ബില്ലിന് പിന്നില്‍ ഹീനമായ അജണ്ടയുണ്ടെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. ഭരണഘടനയുടെ 14,15,25,26,30 ആര്‍ട്ടിക്കിളുകളുടെ വ്യക്തമായ ലംഘനമാണ് വഖഫ് (ഭേദഗതി) ബില്ല് എന്ന് ഇടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി. ബില്ല് പാസായാല്‍ വഖഫ് ബോര്‍ഡ് എന്ന സംവിധാനം തന്നെ തകരും.

വഖഫ് ബോര്‍ഡിനും വഖഫ് കൗണ്‍സിലിനും പ്രസക്തിയുണ്ടാകില്ല. അധികാരം വഖഫ് ബോര്‍ഡില്‍ നിന്ന് പിടിച്ചുവാങ്ങി ജില്ല കലക്‌ടര്‍മാര്‍ക്ക് നല്‍കുന്ന സമീപനമാണ് ബില്ലിലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വഖഫ് സ്ഥലങ്ങളില്‍ കടന്നുകയറ്റം അനുവദിക്കുന്ന തരത്തിലാണ് ബില്ല് രൂപീകരിച്ചിരിക്കുന്നതെന്ന് ഇടി ചൂണ്ടിക്കാട്ടി. രാജ്യത്ത് വേര്‍തിരിവ് ഉണ്ടാക്കി വിഷം നിറയ്ക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

എന്‍കെ പ്രേമചന്ദ്രന്‍: വഖഫ് (ഭേദഗതി) ബില്ല് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13(2)ന് വിരുദ്ധമാണ് എന്നാണ് എന്‍കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞത്. ബില്ലിനെ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു. ബില്ല് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും മുസ്‌ലീം സമുദായത്തിന്‍റെ മത സ്വാതന്ത്യത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അതിക്രമിച്ച് കയറുകയാണെന്നും എംപി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിനെ ശിഥിലീകരിക്കാനാണ് ബില്ല് കൊണ്ടുവന്നതെന്നും എംപി കുറ്റപ്പെടുത്തി.

വഖഫ് നിയമത്തിലെ സെക്ഷന്‍ 14 എടുത്ത് കളയുന്നതോടെ ബോര്‍ഡിന്‍റെ പ്രസക്തി തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം ഇസ്‌ലാം മതം അനുഷ്‌ഠിച്ച ഒരാള്‍ക്ക് പ്രോപ്പര്‍ട്ടി ദാനം ചെയ്യാന്‍ മാത്രം കഴിയുകയും മുസ്‌ലിം അല്ലാത്ത ആളുകള്‍ക്ക് ബോര്‍ഡില്‍ അംഗത്വം കൊടുക്കുകയും ചെയ്യുന്ന ബില്ല് വിരോധാഭാസമാണ് മുന്നോട്ട് വയ്‌ക്കുന്നത്. നിയമം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കിയാൽ തീര്‍ച്ചയായും റദ്ദാക്കപ്പെടുമെന്നും എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ പറഞ്ഞു.

കെ. രാധാകൃഷ്‌ണന്‍ എംപി : വഖഫ് (ഭേദഗതി) ബില്ലിലെ എതിര്‍ക്കുന്നതായി കെ. രാധാകൃഷ്‌ണന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ക്ക് മതം അനുഷ്‌ഠിക്കാനുള്ള അവകാശത്തെ ബില്ല് ലംഘിക്കുന്നതായും എംപി പറഞ്ഞു. മുസ്‌ലിം സംഘടനകളുമായോ മറ്റേതെങ്കിലും സംഘടനകളുമായോ കൂടിയാലോചിച്ചിട്ടല്ല ബില്ല് രൂപീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ല് പിന്‍വലിക്കുകയോ അല്ലെങ്കില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയോ ചെയ്യണമെന്ന് കെ.രാധാകൃഷ്‌ണന്‍ എംപി ആവശ്യപ്പെട്ടു.

കെസി വേണുഗോപാൽ : ബില്ലിനെ സഭയില്‍ എതിര്‍ത്ത കോൺഗ്രസ് എംപി കെസി വേണുഗോപാൽ ബില്ല് ഫെഡറൽ സംവിധാനത്തിനെതിരെയുള്ള ആക്രമണമാണെന്ന് പ്രതികരിച്ചു. ഭരണഘടന ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ രാം മന്ദിറിലോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലോ അഹിന്ദുക്കളെ താക്കോല്‍ സ്ഥാനത്ത് ഇരിത്തുന്നത് അംഗീകരിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ തമ്മില്‍ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ലിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Also Read :വഖഫ് ഭേദഗതി ബില്ല് പാര്‍ലമെന്‍ററി സമിതിക്ക് വിട്ടു; ബില്ല് മത സ്ഥാപനത്തിന്‍റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതല്ലെന്ന് കിരൺ റിജിജു

Last Updated : Aug 8, 2024, 7:56 PM IST

ABOUT THE AUTHOR

...view details