ഹൈദരാബാദ് :മാതാപിതാക്കൾ പറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തി അമ്മ. ഇബ്രാഹിംപട്ടണത്ത് ഭാർഗവി എന്ന പെൺകുട്ടിയെയാണ് അവളുടെ അമ്മ കൊലപ്പെടുത്തിയത് (Mother Kills Daughter). ദണ്ഡുമൈലാരം ഗ്രാമത്തിലെ ബിരുദ വിദ്യാർഥിനിയാണ് ഭാർഗവി.
19 കാരിയായ ഭാർഗവിയെ അവരുടെ മാതാപിതാക്കളായ മോട്ടെ ഐലയ്യയും ജംഗമ്മയും അവരുടെ അനന്തരവനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് നിർബന്ധിക്കാൻ ശ്രമിച്ചത് കുടുംബ വഴക്കില്‍ കലാശിക്കുകയായിരുന്നു. ഭാർഗവിക്ക് അവരുടെ നാട്ടിലെ തന്നെ വേറൊരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നു. മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി, ഭാർഗവി തന്‍റെ പ്രണയം വെളിപ്പെടുത്തി. അത് മാതാപിതാക്കളെ പ്രകോപിപ്പിക്കുകയും തുടർന്നുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
ജംഗമ്മ ഭാർഗവിയെ ക്രൂരമായി ആക്രമിക്കുകയും ഒടുവിൽ സാരികൊണ്ട് കഴുത്ത് ഞെരിക്കുകയും ചെയ്‌തുവെന്നാണ് ഇബ്രാഹീംപട്ടണം പൊലീസില്‍ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുരഭിമാനത്തിന്‍റെ പേരില്‍ മകളെ കൊലപ്പെടുപത്തിയ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസിപി രാജുവും സി ഐ സത്യനാരായണയും ഭാർഗവിയുടെ കൊലപാതകത്തില്‍ അമ്മയ്‌ക്ക് പങ്കുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.