മുംബൈ:ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമത്വം നടത്താന്‍ രണ്ടരക്കോടി രൂപ ആവശ്യപ്പെട്ട ജവാന്‍ അറസ്റ്റില്‍. ശിവസേന നേതാവ് അംബാദാസ് ധന്‍വെയോടാണ് മാരുതി ധക്നെ (42) എന്ന സൈനികന്‍ പണം ആവശ്യപ്പെട്ടത്. മഹാരാഷ്‌ട്രയിലെ സംഭാജിനഗറിലാണ് സംഭവം.
സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് ധന്‍വെ. ഇവിഎമ്മില്‍ ഒരു ചിപ്പ് ഘടിപ്പിച്ചാല്‍ നമുക്കിഷ്‌ടമുള്ള സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ടുകള്‍ നേടാനാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടത്. സ്വന്തം കടങ്ങള്‍ തീര്‍ക്കാനാണ് ഇയാള്‍ ഇത്തരത്തില്‍ അവകാശവാദം നടത്തിയതെന്നാണ് സൂചന. ഇയാള്‍ക്ക് ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിക്ക് ശിവസേന നേതാവിന്‍റെ ഇളയ സഹോദരന്‍ രാജേന്ദ്ര ധന്‍വെയുമായി സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഒരു ഹോട്ടലില്‍ കൂടിക്കാഴ്‌ച നടത്തിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം ഒന്നരക്കോടിക്ക് ഇടപാടുറപ്പിച്ചു. അംബാദാസ് ധന്‍വെ നേരത്തെ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് സ്ഥലത്ത് യൂണിഫോമിലല്ലാതെ പൊലീസ് സംഘം തമ്പടിച്ചിരുന്നു.