ശ്രീനഗര്‍:ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്‌മീര്‍ സന്ദര്‍ശനം വിവാദത്തില്‍. കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ പ്രഖ്യാപിച്ച ഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിനിടെയാണ് മോദിയുടെ സന്ദര്‍ശനം(Modi in Kashmir).
പ്രധാനമന്ത്രിയുടെ റാലിക്ക് പോകാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് കൊടുംതണുപ്പില്‍ ബദ്ഗാമിലെ ബസ്‌സ്റ്റാന്‍ഡില്‍ വാഹനങ്ങളില്‍ കൂട്ടത്തോടെ കയറുന്നത് കാണാമായിരുന്നുവെന്ന് പിഡിപി അധ്യക്ഷയും ജമ്മുകശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി പറഞ്ഞു(PDP).
നുഴഞ്ഞുകയറ്റത്തിന്‍റെ കാലത്താണ് മുന്‍ പ്രധാനമന്ത്രിമാരായ വാജ്‌പേയിയും മന്‍മോഹന്‍സിങുമൊക്കെ ഇവിടെ സന്ദര്‍ശിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ബക്ഷി സ്റ്റേഡിയത്തില്‍ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിന്‍റെ ഗുണങ്ങളുടെ പട്ടിക അവതരിപ്പിക്കലാകും നടക്കുക എന്നും മെഹബൂബ കുറ്റപ്പെടുത്തി(Election2024).
മെഹബൂബയുടെ ഇതേ വികാരങ്ങള്‍ തന്നെയാണ് കഴിഞ്ഞദിവസം നാഷണല്‍ കോണ്‍ഫറന്‍സ് വൈസ്പ്രസിഡന്‍റ് ഒമര്‍ അബ്‌ദുള്ളയും പങ്കുവച്ചത്. റാലിക്ക് വന്‍ ജനപങ്കാളിത്തം ഉണ്ടാകാന്‍ വേണ്ടി ജമ്മുകശ്‌മീര്‍ സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്‌ത്രീകളും പുരുഷന്‍മാരുമായ എല്ലാ ജീവനക്കാരും പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കുമിടയില്‍ എത്തിച്ചേരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കൊടും തണുപ്പിനിടെയാണ് ഇത്രയും നേരത്തെ ഇവരോട് എത്താന്‍ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിക്ക് എത്താത്ത ജീവനക്കാര്‍ക്കെതിരെ നടപടികളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തലും ഉണ്ടായിരുന്നു. സ്വകാര്യ സ്‌കൂളുകളുടെ വാഹനങ്ങള്‍ ഈ ജീവനക്കാരെ സമ്മേളന നഗരിയിലേക്ക് എത്തിക്കാന്‍ വേണ്ടി വിട്ടു കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
എല്ലാവരും നിര്‍ബന്ധമായും റാലിയില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് മെഹബൂബയും ഒമര്‍ അബ്‌ദുള്ളയും ആരോപിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപിയുടെ സുപ്രധാന മണ്ഡലങ്ങളില്‍ ബിജെപിക്കാര്‍ക്കിടയില്‍ കൂടുതല്‍ പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് റാലിയെന്നും നേതാക്കള്‍ ആരോപിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി കശ്‌മീരിനെ ഒരു ഭീകരരുടെ കേന്ദ്രം എന്ന ഖ്യാതിയില്‍ നിന്ന് സഞ്ചാരികളുടെ കേന്ദ്രമെന്നതിലേക്ക് എത്തിച്ചുവെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് തരുണ്‍ ചഘ് മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ചൂണ്ടിക്കാട്ടിയത്. മോദിയുടെ പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ജമ്മുകശ്‌മീരില്‍ എല്ലാ മേഖലയിലും ഇപ്പോള്‍ വികസനം ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കശ്‌മീര്‍ സര്‍വകലാശാലയും കശ്മീരിലെ കേന്ദ്ര സര്‍വകലാശാലയും ഇന്ന് നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. കശ്‌മീര്‍ സര്‍വകലാശാല അസിസ്റ്റന്‍റ് കണ്‍ട്രോളറാണ് പരീക്ഷകള്‍ മാറ്റി വച്ച കാര്യം അറിയിച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. കേന്ദ്രസര്‍വകലാശാലയും മാറ്റിയ ഇന്നത്തെ പരീക്ഷകള്‍ എന്ന് നടത്തുമെന്ന് പിന്നീട് അറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.