പൊഖ്‌റാൻ:ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അത്യാധൂനിക സൈനികോപകരണങ്ങളുടെ ശക്തിപ്രകടനത്തിന് സാക്ഷിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര, നാവിക, വ്യോമ സേനകളുടെ ഇന്ത്യൻ നിർമിത ആയുധങ്ങളും ഫൈറ്റർ ജെറ്റുകളും അണിനിരത്തിയ 'ഭാരത് ശക്തി' അഭ്യാസ പ്രകടനം രാജസ്ഥാനിലെ പൊഖ്‌റാനിലാണ് നടന്നത്. 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രധാനമന്ത്രിക്കൊപ്പം പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്‌തമായ ഇന്ത്യ, സേനകളുടെ ആത്മവിശ്വാസത്തിന്‍റെ ഗ്യാരണ്ടിയാണെന്ന് പ്രകടനം കണ്ട ശേഷം പ്രധാനമന്ത്രി പറഞ്ഞു. എംഐആർവി സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിൻ്റെ വിജയകരമായ പരീക്ഷണ പറക്കൽ പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരതിലേക്കുള്ള വലിയ ചുവടുവയ്പ്പാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, രാജ്യത്തിൻ്റെ പ്രതിരോധ ഉൽപ്പാദനം ഇരട്ടിയിലധികമായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
"കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ പ്രതിരോധ ഉൽപ്പാദനം ഇരട്ടിയിലധികമായി, അതായത് ഒരു ലക്ഷം കോടി രൂപയിലധികം. യുവാക്കളാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 150-ലധികം പ്രതിരോധ സ്‌റ്റാർട്ടപ്പുകൾ ആരംഭിച്ചു. രാജ്യവും നമ്മുടെ സേനയും അവർക്ക് 1,800 കോടി രൂപയുടെ ഓർഡറുകൾ നൽകാൻ തീരുമാനിച്ചു. പ്രതിരോധ മേഖലയിലെ ഒരു 'ആത്മനിർഭർ ഭാരത്' ഇന്ത്യന്‍ സേനയിലെ 'ആത്മവിശ്വാസ'ത്തിൻ്റെ ഉറപ്പാണ്." പ്രധാനമന്ത്രി പറഞ്ഞു.
ആകാശത്തെ വിമാന മുഴക്കവും കരസേന നിലത്ത് പ്രദർശിപ്പിച്ച വീര്യവും 'പുതിയ ഇന്ത്യയുടെ' ആഹ്വാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വികസിതമാക്കണമെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്‌ക്കേണ്ടതുണ്ടെന്നും മോദി വ്യക്‌തമാക്കി.