ന്യൂഡൽഹി :രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ഇന്ന് യുഎഇയിൽ എത്തും. യുഎഇ സന്ദർശനത്തിന് ശേഷം മോദി ബുധനാഴ്‌ച ഉച്ചയോടെ ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് പോകും (Modi will travel to Qatar capital Doha). തടവിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഖത്തർ വിട്ടയച്ചതിന് പിന്നാലെയാണ് ദോഹ സന്ദർശനത്തെ കുറിച്ച് മോദി പ്രഖ്യാപിച്ചത്.
ഇന്ത്യയും ഖത്തറും സൗഹാർദ്ദപരമായ ബന്ധം ആസ്വദിക്കുന്നു. സമീപ വർഷങ്ങളിൽ, ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ വിനിമയങ്ങൾ, ഇരു രാജ്യങ്ങൾക്കിടയിലും വർധിച്ച് വരുന്ന വ്യാപാരവും നിക്ഷേപവും, ഊർജ പങ്കാളിത്തം ശക്തിപ്പെടുത്തൽ, സഹകരണം, സംസ്‌കാരം, വിദ്യാഭ്യാസം എന്നിവയുൾപ്പടെ എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം ആഴത്തിൽ തുടരുകയാണെന്ന് മോദി പറഞ്ഞു. ദോഹയിൽ 800,000ത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളുടെ സാന്നിധ്യം നമ്മുടെ ബന്ധത്തിൻ്റെ ശക്തമായ തെളിവാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വിവിധ മേഖലകളിൽ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ഒമ്പത് വർഷമായി, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ യുഎഇയുമായുള്ള സഹകരണം പലമടങ്ങ് വർധിച്ചു. അബുദാബിയിൽവച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണാനും സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച് വിപുലമായ ചർച്ചകൾ നടത്താനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.