ന്യൂഡൽഹി: എല്ലാ തെരഞ്ഞെടുപ്പ് കാലത്തുമെന്ന പോലെ ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയ പാർട്ടികളുടെ വാഗ്‌ദാനങ്ങൾക്ക് ഒരു കുറവുമില്ല. ഹൈ വോൾട്ടേജ് പ്രചാരണത്തില്‍ തങ്ങളുടെ വാഗ്‌ദാനങ്ങള്‍ തന്നെയാകും പാര്‍ട്ടികൾ പ്രധാനമായും ഉയര്‍ത്തിക്കാട്ടുക. തെരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയുടെ വിജയവും തോൽവിയും അവർ മുന്നോട്ടുവയ്ക്കുന്ന നരേറ്റീവുകളെ അടിസ്ഥാനപ്പെടുത്തിയാകും.
പ്രകടന പത്രികയിലും പ്രചാരണങ്ങളിലും അവർ തങ്ങളുടെ നരേറ്റീവുകള്‍ സമര്‍ത്ഥമായി ഉള്‍ച്ചേർക്കുന്നു. അതിനാല്‍ നരേറ്റീവുകള്‍ പറഞ്ഞ് ഫലിപ്പിക്കാനുള്ള ഒരു പാര്‍ട്ടിയുടെയോ നേതാവിന്‍റെയോ സാമര്‍ത്ഥ്യം നിര്‍ണായകമാണ്. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്‌തമല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ വാഗ്‌ദാനങ്ങളും നരേറ്റീവുകളും തന്ത്ര കുതന്ത്രങ്ങളുമായി പാര്‍ട്ടികള്‍ വീണ്ടും സജീവമായി.
രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ ബിജെപിയും കോൺഗ്രസും തങ്ങളുടെ പ്രധാന വാഗ്‌ദാനങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞു. ഇരു പാർട്ടികളുടെയും പ്രചാരണം ഏത് വിഷയത്തിലൂന്നിയാണെന്നതും ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ബിജെപി മോദിയുടെ ഗ്യാരണ്ടിയിലൂന്നി പ്രചാരണം നടത്താനൊരുങ്ങുമ്പോള്‍ കോൺഗ്രസ് തങ്ങളുടെ ന്യായ് ഗ്യാരണ്ടികളിലൂന്നിയാകും പ്രചാരണം നടത്തുക. ഗ്യാരണ്ടികളടക്കം കോൺഗ്രസും ബിജെപിയും മുന്നോട്ടുവയ്ക്കാൻ സാധ്യതയുള്ള 10 പ്രധാന വിഷയങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
- മോദിയുടെ ഗ്യാരണ്ടി : മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന തികഞ്ഞ ആത്മവിശ്വാസവുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 'മോദി കി ഗ്യാരണ്ടി' അഥവാ മോദിയുടെ ഗ്യാരണ്ടി എന്ന വാഗ്‌ദാനത്തിലൂന്നിയാണ് ഇക്കുറി ഗോദയിലിറങ്ങുന്നത്. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിൽ നല്‍കിയിരിക്കുന്ന 'മോദി കി ഗ്യാരണ്ടി'യില്‍ യുവാക്കളുടെ വികസനം, സ്ത്രീ ശാക്തീകരണം, കർഷകരുടെയും പതിറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ടുകിടക്കുന്ന ദുർബല ജനവിഭാഗങ്ങളുടെയും ക്ഷേമം തുടങ്ങിയവ ഉറപ്പുനൽകുന്നു. എല്ലാ ക്ഷേമപദ്ധതികളും പരമാവധി നടപ്പാക്കുകയെന്ന സർക്കാരിൻ്റെ ലക്ഷ്യത്തിലൂന്നിയുള്ള ആശയം കൂടിയാണിത്. മോദിയുടെ ഗ്യാരണ്ടി എന്നത് തന്നെയാകും ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മുദ്രാവാക്യം.
- കോൺഗ്രസിൻ്റെ 'ന്യായ് ഗ്യാരണ്ടി': ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ നേടിയ വിജയത്തിന്‍റെ പിന്‍ബലത്തിലാണ് ഇക്കുറി കോൺഗ്രസ് കളത്തിലിറങ്ങുന്നത്. ആ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് നൽകിയ പല ഉറപ്പുകളും പാലിക്കപ്പെടാനായതിന്‍റെ ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ട്. ഇങ്ങനെ, കൈമോശം വന്ന പഴയ പ്രതാപം ഒരു പരിധി വരെ തിരിച്ചുപിടിക്കാനായെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടല്‍. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുവാക്കൾ, കർഷകർ, സ്ത്രീകൾ, തൊഴിലാളികൾ എന്നിവര്‍ക്ക് പങ്കാളിത്ത നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 5 'ന്യായ്' ഉറപ്പുകൾ മുന്നോട്ടുവച്ചുകൊണ്ടാണ് പാര്‍ട്ടി രംഗത്തെത്തുന്നത്. മണിപ്പൂർ മുതൽ മുംബൈ വരെ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയാണ് 'ന്യായ് ഗ്യാരണ്ടി' ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഈ ഉറപ്പുകളെ ചുറ്റിപ്പറ്റിയാണ് കോൺഗ്രസിൻ്റെ പ്രകടനപത്രിക രൂപപ്പെടുത്താൻ സാധ്യത. ന്യായ് ഗ്യാരണ്ടി പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന് കാരണമാകുമോ എന്നാണ് കണ്ടറിയേണ്ടത്.
- തൊഴിലില്ലായ്‌മയും വിലക്കയറ്റവും: തൊഴിലില്ലായ്‌മയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കോൺഗ്രസ് ഉൾപ്പെടുന്ന ഇന്ത്യാമുന്നണി ഉന്നയിക്കുന്ന പ്രധാന ആരോപണമാണ്. തൊഴിലില്ലായ്‌മയാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് അവർ ആവർത്തിച്ച് കുറ്റപ്പെടുത്തുകയും, ഈ വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തൊഴിൽ വളർച്ചയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും ചൂണ്ടിക്കാട്ടിയാണ് ബിജെപി തിരിച്ചടിക്കുന്നത്. പ്രചാരണവേളയില്‍ ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണ പരമ്പരകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
- ആർട്ടിക്കിൾ 370 റദ്ദാക്കൽ, സിഎഎ, യൂണിഫോം സിവിൽ കോഡ് : ജനങ്ങൾക്ക് ബിജെപി നല്‍കിയിരുന്ന ദീർഘകാല വാഗ്‌ദാനങ്ങളുടെ ഭാഗമാണിവ. 2019-ലെ പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്‌മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ നേട്ടങ്ങൾ ബിജെപി മുന്നോട്ട് വയ്ക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇതിനോടകം നിയമമായിക്കഴിഞ്ഞു. ദേശീയതലത്തിൽ തന്നെ ഈ നിയമം ആവിഷ്‌കരിച്ച് നടപ്പാക്കുക എന്ന ലക്ഷ്യത്തിൻ്റെ പരീക്ഷണമാണ് ഉത്തരാഖണ്ഡിൽ നടപ്പാക്കുന്നത് എന്നുപറയാം. പറയുന്നത് ചെയ്യും എന്നതിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ഉറപ്പിക്കാനാണ് മോദി സർക്കാർ ഈ നടപടികളിലൂടെ ശ്രമിക്കുന്നത്. എന്നാല്‍ ഈ നീക്കങ്ങൾ ഭിന്നിപ്പിക്കാനും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ശ്രമങ്ങളാണെന്ന് പ്രതിപക്ഷം ആഞ്ഞടിക്കുന്നു. ഈ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തെരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ ശക്‌തമാകാൻ സാധ്യതയുണ്ട്.
- രാം മന്ദിർ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22 ന് നടന്ന പ്രതിഷ്‌ഠ ചടങ്ങ് അത്യധികം ആവേശത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിന് നേതൃത്വം നൽകിയതും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങിന്‍റെ മുൻനിരയിൽ നിന്നതുമെല്ലാം തെരഞ്ഞെടുപ്പില്‍ വോട്ടായി പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്‌നം സാക്ഷാത്കരിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞതായി ബിജെപി നേതാക്കൾ അവകാശപ്പെടുന്നു. ഹിന്ദി ബെൽറ്റില്‍ മിക്കയിടങ്ങളിലും കാവി പതാകകളാണ് പാറുന്നത് എന്നതിനാൽ അതിൻ്റെ അനന്തരഫലവും ചെറുതായിരിക്കില്ല. ഉത്തരേന്ത്യയിൽ രാമക്ഷേത്രം ബിജെപിക്ക് നേട്ടമുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാക്കൾ പോലും സമ്മതിക്കുന്നു. 370 സീറ്റെങ്കിലും ലഭിക്കുമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിൻ്റെ സിംഹഭാഗവും ‘രാമക്ഷേത്ര തരംഗ’ത്തിൽ നിന്നാണെന്ന് വിശകലന വിദഗ്‌ധർ കരുതുന്നു.
- ഇലക്‌ടറൽ ബോണ്ട് വിവരങ്ങള്‍ :സുപ്രീം കോടതി നിർദ്ദേശത്തിനുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന് ഇലക്‌ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കേണ്ടിവന്നത് ബിജെപിക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ഇലക്‌ടറൽ ബോണ്ട് പദ്ധതിയിൽ അഴിമതി ആരോപിച്ച് ബിജെപിക്കെതിരെ സുപ്രീം കോടതിയുടെ ഉന്നതതല അന്വേഷണം വേണമെന്നും അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വിഷയം കത്തിക്കയറി വരുന്നതെങ്കിലും ഇത് താഴെത്തട്ടിൽ പ്രതിഫലിക്കുമോ ഇല്ലയോ എന്നത് കണ്ടറിയേണ്ടതുണ്ട്. എന്നിരുന്നാലും ഇത് പ്രചാരണത്തില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നാകാന്‍ സാധ്യതയുണ്ട്.
- 'അമൃത് കാൽ', 'അന്യായ് കാൽ':തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കത്തിനിൽക്കാൻ സാധ്യതയുള്ള മറ്റൊരു വിഷയം ബിജെപി അവകാശപ്പെടുന്ന അമൃത് കാലവും കോൺഗ്രസ് ആരോപിക്കുന്ന അന്യായ കാലവുമാണ്. മോദി ഭരണത്തിലെ വേഗത്തിലുള്ള വളർച്ചയും ഭാവിയിലേക്കുള്ള കാഴ്‌ചപ്പാടും ചൂണ്ടിക്കാട്ടിയാണ് പത്തുവർഷത്തെ അമൃതകാലമെന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ തൊഴിലില്ലായ്‌മ, വിലക്കയറ്റം, സ്ഥാപനങ്ങൾ വിറ്റഴിക്കല്‍, ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍, സാമ്പത്തിക അസമത്വങ്ങൾ എന്നിവമുലം മോദി സർക്കാരിൻ്റെ 10 വർഷത്തെ 'അന്യായ കാൽ' എന്നാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇതിനെയെല്ലാം പ്രതിരോധിക്കുന്നത്.
- കർഷകരുടെ പ്രശ്‌നങ്ങളും മിനിമം താങ്ങുവിലയും :തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം വോട്ടെടുപ്പിലും പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. കർഷകരെ സർക്കാർ വഞ്ചിച്ചെന്നും, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നിയമപരമായി മിനിമം താങ്ങുവില ഉറപ്പാക്കുമെന്നുമാണ് ഇന്ത്യാമുന്നണി മുന്നോട്ടുവയ്‌ക്കുന്ന ഗ്യാരണ്ടി. കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി തങ്ങള്‍ കർഷക നേതാക്കളുമായി ചർച്ചകൾ നടത്തി വരികയാണെന്നും സമരക്കാരിൽ പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ബിജെപി ആരോപിക്കുന്നു. പിഎം-കിസാൻ പദ്ധതി അടക്കം മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നടപ്പാക്കുന്ന പദ്ധതികൾ അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചെന്നത് ഉയര്‍ത്തിക്കാട്ടിയാകും ബിജെപിയുടെ പ്രതിരോധം.
- വികസിത് ഭാരത് വിഷൻ : വികസിത രാഷ്ട്രമായി മാറുകയാണ് രാജ്യത്തിൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കാറുണ്ട്. 2047-ഓടെ ഈ ലക്ഷ്യം കൈവരിക്കാൻ തൻ്റെ സർക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഊന്നിപ്പറയാറുണ്ട്. വികസിത് ഭാരത് എന്ന കാഴ്‌ചപ്പാട് ബിജെപിയുടെ പ്രചാരണത്തിൽ മുന്നിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷം അതിനെ "മറ്റൊരു തട്ടിപ്പ്" എന്ന് പരിഹസിക്കുന്നുണ്ടെങ്കിലും വികസിത ഭാരതം എന്ന കാഴ്‌ചപ്പാട് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകാന്‍ തന്നെയാണ് സാധ്യത.
- പ്രത്യയശാസ്‌ത്രങ്ങളുടെ ഏറ്റുമുട്ടൽ:ബിജെപിയും കോൺഗ്രസും തമ്മിലുള്ള "പ്രത്യയശാസ്ത്രപരമായ പോരാട്ടം" എന്നാണ് ഈ തെരഞ്ഞെടുപ്പിനെ പലരും വിശേഷിപ്പിക്കുന്നത്. മറ്റൊരു തെരഞ്ഞെടുപ്പിലും ഉയരാത്ത വിധത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഇത്തവണ ഉയരുന്നുണ്ട്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് ഇരു പാര്‍ട്ടികള്‍ക്കും നിർണായകമാണ്.
Also Read: ചരിത്ര ഭൂരിപക്ഷത്തില്‍ വയനാട്ടില്‍ രാഹുല്‍ ; യുഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ച 2019