സര്‍ഗുജ(ഛത്തീസ്‌ഗഡ്): കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായ സമ്പത്ത് പുനര്‍വിതരണം പുത്തന്‍ രാഷ്‌ട്രീയ യുദ്ധത്തിന് വഴി വച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ ഇൻഹെറിറ്റൻസ് ടാക്‌സിനെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമടക്ക രംഗത്തെത്തിയിരിക്കുന്നത്. നാട്ടുകാര്‍ തങ്ങളുടെ സ്വത്തുക്കള്‍ അവരുടെ കുട്ടികള്‍ക്ക് കൈമാറുന്നത് കോണ്‍ഗ്രസിന് അത്ര ഇഷ്‌ടമാകുന്നില്ലെന്നാണ് മോദി പ്രതികരിച്ചത്.
രാജകുടുംബത്തിലെ രാജകുമാരന്‍റെ ഉപദേശകന്‍ കൂടുതല്‍ നികുതി മധ്യവര്‍ഗത്തിന് മേല്‍ അടിച്ചേല്‍പ്പിക്കണമെന്നാണ് പറയുന്നത്. ഇവര്‍ ഇപ്പോള്‍ ഒരു പടി കൂടി കടന്ന് പാരമ്പര്യ നികുതി ചുമത്തുമെന്നും പറയുന്നു. മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ക്ക് നികുതി ചുമത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കഠിനാദ്ധ്വാനത്തിലൂടെ നിങ്ങള്‍ സമ്പാദിച്ചത് നിങ്ങളുടെ കുട്ടികള്‍ക്ക് കൈമാറാന്‍ അവര്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി സര്‍ഗുജയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ വ്യക്തമാക്കി.
ജീവിച്ചിരിക്കുമ്പോഴും അതിന് ശേഷവും കൊള്ളയടിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ മന്ത്രമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നിങ്ങളില്‍ നിന്ന് പരാമവധി ഊറ്റിയെടുക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ ജീവിച്ചിരിക്കുവോളം വലിയ നികുതികള്‍ നിങ്ങള്‍ക്ക് മേല്‍ ചുമത്തുന്നു. നിങ്ങള്‍ മരിച്ച് കഴിയുമ്പോള്‍ പാരമ്പര്യ നികുതി എന്ന പേരില്‍ നിങ്ങളുടെ കുട്ടികളെയും അവര്‍ ചൂഷണം ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ കുടുംബസ്വത്താണെന്ന് കരുതുന്നവര്‍ അത് തങ്ങളുടെ കുട്ടികളിലേക്ക് കൈമാറുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യാക്കാര്‍ അവരുടെ സ്വത്തുക്കള്‍ തങ്ങളുടെ കുട്ടികളിലേക്ക് കൈമാറുന്നത് അവര്‍ തടയാനും ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തന്‍റെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ കേവലം അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്‌സ് കേവലം ഉദാഹരണമായി ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്‌തതെന്ന് പറഞ്ഞ് സംഭവം ലഘൂകരിക്കാനാണ് പിത്രോദയുടെ ശ്രമം. അന്‍പത്തഞ്ച് ശതമാനം ഇവിടെ നമ്മള്‍ എടുത്ത് കൊണ്ട് പോകുമെന്ന് ആരാണ് പറഞ്ഞതെന്നും പിത്രോദ ചോദിക്കുന്നു.