ചെന്നൈ:മറീന ബീച്ചിലെ വ്യോമസേന എയര്‍ഷോ കാണാനെത്തിയ അഞ്ച് പേര്‍ സൂര്യഘാതമേറ്റ് മരിക്കുകയും നിരവധി പേര്‍ കുഴഞ്ഞ് വീഴുകയും ചെയ്‌ത വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. പ്രദേശത്തെ അനിയന്ത്രിതമായ ജനത്തിരക്കും കൊടും ചൂടുമാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഐഎംഡി രേഖകളനുസരിച്ച് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ ചെന്നൈയില്‍ 32 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
ഇന്നലെ അതിരാവിലെ മുതല്‍ തന്നെ മറീന ബീച്ചും പരിസരവും സുരക്ഷ വലയത്തിലായിരുന്നു. മറീന ബീച്ചിനോട് ചേർന്നുള്ള കാമരാജർ ശാലൈ (കാമരാജർ റോഡ്) വഴിയുള്ള ഗതാഗതം തടയാന്‍ ട്രാഫിക് പൊലീസ് ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു. മറീന സർവീസ് ലൂപ്പിൽ ചെറുകിട കച്ചവടക്കാരുടെ വാഹനങ്ങളടക്കം നിയന്ത്രിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെന്നൈ പൊലീസിന്‍റെ ഐക്കോണിക് മൗണ്ടഡ് ഫോഴ്‌സും (അശ്വാരൂഡ സേന) കടൽത്തീരത്ത് പരിശോധന നടത്തുന്നുണ്ടായിരുന്നു. പാരച്യൂട്ട്, ഹെലികോപ്റ്റർ സ്റ്റണ്ടുകൾക്കായി പ്രത്യേകം സ്ഥലം തിരിച്ചിരുന്നു.
സാധാരണയേക്കാള്‍ നിരവധി പേരാണ് ഞായറാഴ്‌ച തെരുവില്‍ ഉണ്ടായിരുന്നതെന്ന് ബീച്ചിന് സമീപത്തെ ഹോട്ടലുടമ ഇടിവി ഭാരതിനോട് പറഞ്ഞു. കുട്ടികളടക്കം ആവേശത്തോടെയാണ് എയര്‍ഷോ കാണാന്‍ മറീന തീരത്തെത്തിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകമാണ് സന്തോഷം സങ്കടത്തിന് വഴിമാറിയത്.
വൈകുന്നേരം എയര്‍ഷോ ആരംഭിച്ചപ്പോഴേക്കും കൊടുംചൂടും തിരക്കും സഹിക്കാനാവതെ നിരവധിയാളുകള്‍ കുഴഞ്ഞുവീണു. എയർഫോഴ്‌സും ചെന്നൈ കോർപറേഷനും ചേർന്ന് മെഡിക്കൽ ക്യാമ്പുകൾ സജ്ജീകരിച്ചിരുന്നു. തളര്‍ന്ന് വീണവരില്‍ ചിലരെ ക്യാമ്പില്‍ പ്രവേശിപ്പിച്ചു. വിഐപികൾക്കും ആംബുലൻസുകൾക്കും സഞ്ചരിക്കാൻ റോഡ് ഗതാതഗതം നിയന്ത്രിച്ചു നിര്‍ത്തിയത് തളര്‍ന്നു വീണവരെ ആശുപത്രികളിലെത്തിക്കാൻ സഹായകമായി. ഹീറ്റ് സ്‌ട്രോക്ക് മൂലം 5 പേർ മരിച്ചതായാണ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റ് വൃത്തങ്ങൾ അറിയിച്ചത്.