മുംബൈ : ഇന്ത്യയിൽ ചിലവഴിച്ച ദിവസങ്ങള്‍ വർണ്ണാഭവും വ്യത്യസ്‌തവുമായിരുന്നെന്ന് ലോക സുന്ദരി പട്ടം നേടിയ ക്രിസ്റ്റിന പിസ്‌കോവ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. 'ഇന്ത്യയിൽ ഞാൻ ചിലവഴിച്ച ദിവസങ്ങളെല്ലാം വളരെ വർണ്ണാഭവും വ്യത്യസ്‌തവുമായിരുന്നു. ഞങ്ങൾ നിരവധി പ്രോജക്‌ടുകളും സ്ഥലങ്ങളും സന്ദർശിച്ചു. എല്ലാ മത്സരാർത്ഥികളും ധാരാവി പ്രോജക്‌ട് സന്ദർശിച്ചിരുന്നു. അവിടെ സംഗീതത്തിലൂടെ തങ്ങളുടെ സ്വപ്നങ്ങളിലേക്കെത്താന്‍ ശ്രമിക്കുന്ന കുട്ടികളെ പരിചയപ്പെട്ടത് ഞങ്ങൾക്ക് വളരെ പ്രചോദനമായി. അവരെ കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ടെന്നും ക്രിസ്റ്റിന പറഞ്ഞു.
ഇന്ത്യയുടെ സത്ത ഞാന്‍ വീട്ടിലേക്ക് തിരികെ കൊണ്ടുപോകും. ഇവിടെയുള്ള ആളുകള്‍ അവരുടെ ലക്ഷ്യത്തിലെത്താൻ കഠിനമായി പരിശ്രമിക്കുന്നതാണ് എനിക്ക് കാണാൻ കഴിയുന്നത്. ലക്ഷ്യമാണ് ഏറ്റവും പ്രധാനമെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് നമ്മുടെ ജീവിതമെന്താണെന്ന് അറിവുണ്ടായിരിക്കണമെന്നും അവർ പറഞ്ഞു.
ലോകസുന്ദരി കിരീടം ഒരു ഉത്തരവാദിത്തമാണെമെന്നും തന്‍റെ കഠിനാധ്വാനം ഇനിയും തുടരുമെന്നും ക്രിസ്റ്റിന പിസ്‌കോവ പറഞ്ഞു. ക്രിസ്റ്റിനയുടെ 'ബ്യൂട്ടി വിത്ത് എ പർപ്പസ്' പ്രോജക്‌ട് കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു.