കൊൽക്കത്ത: യുവ ഡോക്‌ടര്‍ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വന്‍ സംഘര്‍ഷം. പുറത്ത് നിന്നെത്തിയ അജ്ഞാത സംഘം മെഡിക്കല്‍ കോളജ് ആശുപത്രിയും പ്രതിഷേധ പന്തലും അടിച്ചു തകര്‍ത്തു. നിരവധി വാഹനങ്ങളും ഇവര്‍ നശിപ്പിച്ചു.
സമരം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്ക് നേരെയും പൊലീസിന് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂര്‍ണമായും തകര്‍ന്നതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്‌ച അർധരാത്രിയോടെയാണ് സംഘം ആശുപത്രി വളപ്പിൽ പ്രവേശിച്ച് അക്രമം അഴിച്ചുവിട്ടത്.
പ്രതിഷേധക്കാരുടെ വേഷത്തിൽ ഏകദേശം 40 പേരടങ്ങുന്ന സംഘം ആശുപത്രി വളപ്പിൽ പ്രവേശിച്ച് അക്രമം നടത്തിയതായാണ് പൊലീസ് അറിയിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഭവത്തിൽ ഒരു പൊലീസ് വാഹനത്തിനും സ്ഥലത്തുണ്ടായിരുന്ന ഏതാനും ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും പൊലീസ് അറിയിച്ചു.
സോഷ്യൽ മീഡിയയില്‍ പ്രചരിച്ച 'റീക്ലെയിം ദ നൈറ്റ്' കാമ്പെയ്‌നിനെ തുടര്‍ന്നാണ് സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് പ്രതിഷേധം ഉടലെടുത്തതെന്ന് പൊലീസ് കുറ്റപ്പെടുത്തി. വനിതാ ഡോക്‌ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി 'റീക്ലെയിം ദ നൈറ്റ്' എന്ന ക്യാംപെയ്‌നിന് കീഴില്‍ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരുന്നു. പ്രതിഷേധപ്രകടനം നടക്കുന്നതിനിടെയാണ് അജ്ഞാത സംഘമെത്തി ആക്രമിച്ചത്.
Also Read :ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവം: 'പ്രതിയെ രക്ഷിക്കാനുള്ള ശ്രമം സംശയാസ്‌പദം': രാഹുല്‍ ഗാന്ധി