ചെന്നൈ: തമിഴ്‌നാട്ടിൽ നിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു (Migrant worker killed in construction site accident at Ooty). റിസ്‌വാൻ (22) ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരും ജാർഖണ്ഡ് സ്വദേശികളാണ്. ഊട്ടിക്ക് സമീപം ഉദഗമണ്ഡലത്തിലായിരുന്നു അപകടം.
മണ്ണിടിച്ചിൽ തടയാനായി റിസ്‌വാനും സഹ തൊഴിലാളിയും ചേർന്ന് സംരക്ഷണഭിത്തി നിർമിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത് (Ooty construction site mishap). മണ്ണിടിഞ്ഞ് ഇരുവരും അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 90 മിനിറ്റ് നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ തന്നെ സമീപത്തുള്ള പ്രാദേശിക സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്‌വാനെ രക്ഷിക്കാനായില്ല. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ദുരന്തത്തിനിടയാക്കിയതെന്ന ആരോപണം ഉയരുന്നുണ്ട്.