ന്യൂഡൽഹി : ഒരാഴ്‌ചയ്ക്കുള്ളില്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രമന്ത്രി ശന്തനു താക്കൂറിന്‍റെ പ്രസ്‌താവനയില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തുടനീളം നിയമം നടപ്പാക്കാന്‍ പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും നിയമം നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു (Implementation Of CAA).
ലോക്‌സഭയുടെ സബോർഡിനേറ്റ് ലജിസ്‌ലേഷനുവേണ്ടിയുള്ള പാർലമെന്‍ററി കമ്മിറ്റി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള സമയപരിധി നീട്ടി നൽകിയിരുന്നു. നേരത്തെ അനുവദിച്ച സമയപരിധി ജനുവരി 9-ന് അവസാനിച്ചതിനാലാണ് വീണ്ടും നീട്ടി നല്‍കിയത്. എന്നാല്‍ സമയപരിധി നീട്ടുന്നത് നടപടിക്രമങ്ങളുടെ ഭാഗമായ ഔപചാരികത മാത്രമാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിഎഎ നിയമങ്ങൾ യഥാർത്ഥത്തിൽ നോട്ടിഫൈ ചെയ്യുന്നതുവരെ മാത്രമേ അത്തരം സമയപരിധി നീട്ടൽ ആവശ്യമുള്ളൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
2019ലെ പൗരത്വ ഭേദഗതി നിയമത്തിൻ്റെ വ്യവസ്ഥകള്‍ കേന്ദ്ര സർക്കാർ തയ്യാറാക്കിക്കഴിഞ്ഞെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുൻപ് തന്നെ അവ പുറത്തുവിടുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമങ്ങൾ തയ്യാറായിക്കഴിഞ്ഞു, ഓൺലൈൻ പോർട്ടലും നിലവിലുണ്ട്, മുഴുവൻ പ്രക്രിയയും ഓൺലൈനിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷകർ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച വർഷം പ്രഖ്യാപിക്കണം. അപേക്ഷകരിൽ നിന്ന് മറ്റൊരു രേഖയും ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.