ലണ്ടൻ:സാമ്പത്തിക മേഖലയിലും ഇന്ത്യ-ബ്രിട്ടൻ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിഇന്ത്യന്‍ നിക്ഷേപകരും വിവിധ സിഇഒമാരുമായി കൂടിക്കാഴ്‌ച നടത്തി യുകെ പ്രധാനമന്ത്രി കെയർ സ്‌റ്റാർമര്‍. യുകെയും ഇന്ത്യയും തമ്മിലുള്ള നിക്ഷേപ സാധ്യതകളും സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരങ്ങളും ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്‌ച നടത്തിയതെന്ന് ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പ്രതിനിധി സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. യുകെയുടെ ഒരു സുപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും സ്‌റ്റാര്‍മര്‍ ചൂണ്ടിക്കാട്ടി.
യുകെയുടെ ചാൻസലർ റേച്ചൽ റീവ്സ്, വിദേശ കാര്യ സെക്രട്ടറി ഡേവിഡ് ലാമി എന്നിവരും ചർച്ചയില്‍ പങ്കെടുത്തു. 42 ബില്യൺ പൗണ്ടിന്‍റെ മൂല്യമുള്ള മൊത്തം വ്യാപാരവും യുകെയിലും ഇന്ത്യയിലുമായി 6 ലക്ഷം തൊഴിലവസരങ്ങളും ഇതിനോടകം ഇരു രാജ്യങ്ങളും തമ്മിലുണ്ട്. കൂടുതൽ സാമ്പത്തിക വളർച്ചയ്ക്കും വ്യാപാര ഇടപാട് വികസിപ്പിക്കാനുമുള്ള ചർച്ചയാണ് നടക്കുന്നതെന്ന് സ്‌റ്റാർമറിനെ ഉദ്ധരിച്ച് പ്രസ്‌താവനയിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഇന്ത്യ യുകെയ്‌ക്ക് ഒരു സുപ്രധാന പങ്കാളിയാണ്. കൂടുതൽ അവസരങ്ങൾ ഒരുമിച്ച് തുറക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ഇന്ത്യയിലെ ഏറ്റവും മുതിർന്ന ചില ബിസിനസ് നേതാക്കളെ ഡൗണിങ് സ്ട്രീറ്റിലേക്ക് സ്വാഗതം ചെയ്യുന്നതിലും യുകെ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഞാൻ സന്തോഷിക്കുന്നു.'- സ്‌റ്റാര്‍മര്‍ പറഞ്ഞു.
ജി 20 യിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ബന്ധമുള്ള സമ്പദ്‌വ്യവസ്ഥകളിലൊന്നെന്ന നിലയിൽ, ഇന്ത്യൻ ബിസിനസുകൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ യുകെ സമാനതകളില്ലാത്ത അവസരങ്ങൾ നൽകുന്നുവെന്ന് ബിസിനസ് ആൻ്റ് ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സ് പറഞ്ഞു.
യുകെയിലേക്ക് ഏറ്റവുമധികം എഫ്‌ഡിഐ പദ്ധതികൾ നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ, ഇന്ത്യയുമായുള്ള നമ്മുടെ വ്യാപാര നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്‌താവനയിൽ പറയുന്നു.
ഇന്ത്യ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി നിലകൊള്ളുന്നതിനാൽ ഈ ബിസിനസ് ഡെലിഗേഷൻ ഒരു സുപ്രധാന നിമിഷത്തിലാണ് നടക്കുന്നതെന്നും, 2027 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും ഡെലിഗേഷൻ്റെ നേതാവും മുൻ പ്രസിഡൻ്റും ഭാരതി എൻ്റർപ്രൈസസിൻ്റെ സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ കെബിഇ പറഞ്ഞു.
ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്‌റ്റാര്‍മര്‍ ചര്‍ച്ച നടത്തിന് പിന്നാലെയാണ് സിഐഐ പ്രതിനിധികളുമായി ചര്‍ച്ച നടക്കുന്നത്. മോദി സ്‌റ്റാര്‍മര്‍ കൂടിക്കാഴ്‌ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, സാങ്കേതിക വിദ്യ, സാമ്പത്തിക വളർച്ച, സുരക്ഷ എന്നിവയിൽ സഹകരണത്തോടെ മുന്നോട്ട് പോകുന്നതിന്‍റെ സാധ്യതകള്‍ ചര്‍ച്ചയായിരുന്നു. പ്രതിരോധം, കാലാവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തവും ഇരുവരും ചര്‍ച്ച ചെയ്‌തിരുന്നു.
Also Read:'ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വിള്ളല്‍', എന്ത് സംഭവിച്ചാലും അതിജീവിക്കുമെന്ന് ബൈഡൻ ഭരണകൂടം