ന്യൂഡൽഹി: അനുപ് ചന്ദ്ര പാണ്ഡെയുടെ വിരമിക്കലും അരുൺ ഗോയലിൻ്റെ അപ്രതീക്ഷിത രാജിയും മൂലമുണ്ടായ ഒഴിവുകളിലേക്ക് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി മാർച്ച് 14 ന് യോഗം ചേരും. അന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന യോഗവുമായി ബന്ധപ്പെട്ട് എല്ലാ പാനൽ അംഗങ്ങൾക്കും നിയമ മന്ത്രാലയം അറിയിപ്പയച്ചു. നേരത്തെ മാർച്ച് 15 ന് വൈകുന്നേരം 6 മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത് (Election-commissioners Appointment).
രണ്ട് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം മാർച്ച് 14 നോ തൊട്ടടുത്ത ദിവസമോ ഉണ്ടായേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിനുള്ള നോട്ടീസ് ശനിയാഴ്‌ച ഉച്ചയ്ക്ക് മുമ്പ് അയച്ചിരുന്നെന്നും അതിന് ശേഷമാണ് ഗോയലിൻ്റെ രാജി പ്രഖ്യാപനമെന്നും വൃത്തങ്ങൾ പറഞ്ഞു.
നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളിൻ്റെ കീഴിൽ, ആഭ്യന്തര സെക്രട്ടറിയും പേഴ്‌സണൽ ആൻ്റ് ട്രെയിനിങ്ങ് (DoPT) സെക്രട്ടറിയും അടങ്ങുന്ന സെർച്ച് കമ്മിറ്റി രണ്ട് തസ്‌തികകളിലേക്കും അഞ്ച് പേരുകൾ വീതമുള്ള രണ്ട് പ്രത്യേക പാനലുകൾ തയ്യാറാക്കും (Election Commissioner Appoinment ).
പാനലിൽ നിന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, ഒരു കേന്ദ്രമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാകും രണ്ടുപേരെ തെരഞ്ഞെടുക്കുക. സെലക്ഷൻ കമ്മിറ്റി കണ്ടെത്തുന്നവരെ രാഷ്‌ട്രപതി കമ്മീഷണർമാരായി നിയമിക്കും.
ശനിയാഴ്‌ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജവച്ചത്. 2027 വരെ കാലാവധിയുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ തിടുക്കപ്പെട്ടുള്ള രാജി. മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. ഈ ഒഴിവും നികത്തിയിരുന്നില്ല. നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാർ മാത്രമാണ് മൂന്ന് അംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അവശേഷിക്കുന്നത്.
Also Read: 'നീതിയുക്തമായ തെരഞ്ഞെടുപ്പിന് കേന്ദ്ര സര്‍ക്കാരിന് ആഗ്രഹമില്ല' : അരുണ്‍ ഗോയലിന്‍റെ രാജിയില്‍ കെസി വേണുഗോപാല്‍
അരുൺ ഗോയലിന്‍റെ രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ഗോയലും രാജീവ് കുമാറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ വൃത്തങ്ങൾ തള്ളി. 2027 വരെ കാലാവധിയുള്ളപ്പോഴാണ് ഗോയലിന്‍റെ തിടുക്കപ്പെട്ടുള്ള രാജി. അടുത്ത വർഷം ഫെബ്രുവരിയിൽ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിരമിച്ചാൽ പിൻഗാമിയായി ഗോയൽ നിയമിതനാകുമായിരുന്നു.