കേരളം

kerala

ETV Bharat / bharat

ബിഎസ്‌പി 'ഇന്ത്യ' മുന്നണിയിലേക്കില്ല ; സഖ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആവര്‍ത്തിച്ച് മായാവതി - ബിഎസ്‌പി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഎസ്‌പി ഒരു സഖ്യത്തിന്‍റെയും ഭാഗമാകില്ലെന്ന് മായാവതി. പാര്‍ട്ടി ഒറ്റയ്‌ക്ക് മത്സരിക്കും. കിംവദന്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആഹ്വാനം.

Mayawati  മായാവതി  Loksabha Elections 2024  ബിഎസ്‌പി  BSP Alliance
Mayawati dismisses rumours of BSP alliance

By ETV Bharat Kerala Team

Published : Feb 19, 2024, 3:31 PM IST

ന്യൂഡൽഹി :വരാനിരിക്കുന്ന ലോക്‌സഭതെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി ഇന്ത്യ മുന്നണിയുടെ ഭാഗമാകില്ലെന്ന് ആവര്‍ത്തിച്ച് പാർട്ടി അധ്യക്ഷ മായാവതി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിന്‍റെയും ഭാഗമാകില്ലെന്ന് മായാവതി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തന്‍റെ പാര്‍ട്ടി ഒറ്റയ്‌ക്ക് മത്സരിക്കും. സഖ്യത്തെപ്പറ്റിയുള്ള കിംവദന്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മായാവതി ബിഎസ്‌പി പ്രവർത്തകരോട് നിര്‍ദേശിച്ചു (Mayawati on BSP alliance).

"വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്‌പി ആവർത്തിച്ച് വ്യക്തമാക്കിയിട്ടും, ഓരോ ദിവസവും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഞങ്ങള്‍ ഇല്ലാതെ ചില പാർട്ടികൾ ഇവിടെ വിജയിക്കില്ലെന്ന് തെളിയിക്കുന്നു. അതേസമയം ബിഎസ്‌പി അങ്ങനെ ചെയ്യാൻ പോകുന്നില്ല. നമ്മുടെ ജനങ്ങളുടെ ക്ഷേമമാണ് പരമപ്രധാനം" - മായാവതി എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.

സമൂഹത്തിന്‍റെ ക്ഷേമവും താത്പര്യവും കണക്കിലെടുത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഞങ്ങളുടെ തീരുമാനം ഉറച്ചതാണ്. കിംവദന്തികൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മായാവതി വ്യക്തമാക്കി.

"ദരിദ്രരും ചൂഷണം ചെയ്യപ്പെടുന്നവരും അവഗണിക്കപ്പെട്ടവരും അടക്കമുള്ള സർവ് സമാജിൻ്റെ (മുഴുവൻ സമൂഹത്തിൻ്റെ) താത്പര്യവും ക്ഷേമവും കണക്കിലെടുത്ത്, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഞങ്ങളുടെ തീരുമാനം ഉറച്ചതാണ്. ജനങ്ങൾ കിംവദന്തികൾക്കെതിരെ ജാഗ്രത പാലിക്കണം" - മായാവതി പറഞ്ഞു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി നേരത്തെയും വ്യക്‌തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സഖ്യത്തെക്കുറിച്ച് ആലോചിച്ചേക്കുമെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു.

2007ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബഹുജൻ സമാജ് പാർട്ടി അധികാരത്തിലെത്തിയത്. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ആദ്യമായായിരുന്നു ഒരു പാർട്ടി എല്ലാ റെക്കോർഡുകളും തകർത്ത് വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നത്. അന്ന് ബിഎസ്‌പി നേടിയ വിജയം രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

Also Read:'മുസ്‌ലിങ്ങളോട് ചിറ്റമ്മ നയം, സമുദായം ഭയത്തില്‍ കഴിയുന്നു' ; യോഗി സര്‍ക്കാരിനെതിരെ മായാവതി

എന്നാൽ അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചപ്പോൾ ബിഎസ്‌പിയെ പരാജയപ്പെടുത്തി സമാജ്‌വാദി പാർട്ടിയാണ് അധികാരത്തിലെത്തിയത്. സമാജ്‌വാദി പാർട്ടിക്ക് ശേഷം രണ്ടുവട്ടം അടുപ്പിച്ച് ബിജെപി ഭരണത്തിൽ വന്നതോടെ ബിഎസ്‌പിയുടെ അടിത്തറ ഇളകി. ഉത്തർപ്രദേശിൽ 2022 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ കേവലം ഒരു സീറ്റിൽ മാത്രമാണ് ബിഎസ്‌പി ജയിച്ചത്. ഈ പശ്ചാത്തലത്തിലുമാണ് മായാവതി ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുന്നത്.

ABOUT THE AUTHOR

...view details