ന്യൂഡൽഹി: ഇവൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ പ്രതികരിച്ച് കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ. കമ്പനി, സംസ്ഥാന തൊഴിൽ വകുപ്പ് എന്നിവിടങ്ങളിൽ നിന്നും അദ്ദേഹം റിപ്പോർട്ട് തേടി. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'സംഭവത്തിൽ കമ്പനിയോടും സംസ്ഥാന തൊഴിൽ വകുപ്പിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. അവർ ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഭാഗത്താണ് തെറ്റെങ്കിൽ കർശന നടപടിയുണ്ടാകും' മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.
അതേസമയം അന്വേഷണത്തിൽ വെളിപ്പെടുന്ന വസ്‌തുതകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് മൻസൂഖ് മാണ്ഡവ്യ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഏത് തരം ജോലിയായാലും അത് മൂലം ഒരാൾ മരിക്കുന്നത് ഏറെ വേദനാജനകമായ കാര്യമാണ്. അന്നയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്നയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും (എൻഎച്ച്ആർസി) സ്വമേധയ നടപടിയെടുത്തിരുന്നു. മാത്രമല്ല വിഷയത്തിൽ വിശദമായ റിപ്പോർട്ട് നാലാഴ്‌ചയ്ക്കകം നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയത്തിന് നോട്ടിസ് നൽകുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി മൻസൂഖ് മാണ്ഡവ്യയും വിഷയത്തിൽ പ്രതികരണവുമായെത്തിയത്.