ഡൽഹി: മണിപ്പൂർ കലാപം അവസാനിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ട്രാൻസ്‌ജെൻഡർ നിരാഹാര സമരത്തിൽ (Manipur Violence Transgender On Hunger Strike In Delhi). മണിപ്പൂരിൽ 10 മാസത്തോളമായി തുടരുന്ന വംശീയ കലാപം അവസാനിക്കാത്ത സാഹചര്യത്തിലാണ് ട്രാൻസ്‌ജെൻഡർ ഡൽഹിയിൽ നിരാഹാര സമരം തുടരുന്നത്. മണിപ്പൂരിലെ മാലേം തോംഗം എന്ന ട്രാൻസ്‌ജെൻഡറാണ് കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ ദേശീയ തലസ്ഥാനത്ത് നിരാഹാര സമര ആരംഭിച്ചത്.
മണിപ്പൂർ കലാപം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ട്രാൻസ്‌ജെൻഡറിന്‍റെ നിരാഹാരം - Hunger Strike In Delhi
മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് ട്രാൻസ്‌ജെൻഡർ മാലേം തോംഗം
Published : Feb 26, 2024, 9:42 PM IST
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾ തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ അഭ്യർത്ഥിക്കുകയാണെന്ന് തോംഗം ഇടിവി ഭാരതിനോട് പറഞ്ഞു. ലമ്യംബ ഇറബോട്ട് മെമ്മോറിയൽ ഇൻ്റഗ്രേറ്റഡ് ട്രസ്റ്റ് പ്രസിഡൻ്റ് കൂടിയാണ് തോംഗം. കുക്കി സായുധ തീവ്രവാദികളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ (SoO) ഇന്ത്യാ ഗവൺമെൻ്റ് അവസാനിപ്പിക്കണം. എന്നാലേ മണിപ്പൂരിനെ സാധാരണ നിലയിലേക്ക് എത്തിക്കാനും സമാധാനം വീണ്ടെടുക്കാനും സാധിക്കുകയുള്ളൂവെന്നും തോംഗം പറഞ്ഞു.
ഡൽഹി സർവകലാശാലയുടെ പരിസരത്താണ് ഇവർ നിരാഹാര സമരം ആരംഭിച്ചത്. എന്നാൽ സമരം ആരംഭിച്ചതു മുതൽ ഡൽഹി പൊലീസ് നിരവധി തവണ തോംഗത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്‌ച ജന്തർ മന്തറിൽ വച്ച് ഇവരെ പൊലീസ് വീണ്ടും തടഞ്ഞിരുന്നു. പിന്നീട് ബംഗ്ല സാഹിബ് ഗുരുദ്വാരയിൽ നിരാഹാര സമരം തുടരാൻ അനുമതി നൽകുകയായിരുന്നു. നിലവിൽ ബംഗ്ലസാഹിബ് ഗുരുദ്വാരയിൽ നിരാഹാര സമരം തുടരുകയാണ് തോംഗം എന്ന് ഡൽഹി മീതേയ് കോ-ഓർഡിനേഷൻ കമ്മിറ്റി കോർഡിനേറ്റർ റോജേഷ് പറഞ്ഞു.