സിൽചാർ: മണിപ്പൂർ ഇപ്പോഴും പ്രശ്‌ന ബാധിത പ്രദേശമായി നിലനിൽക്കുന്നതിനാൽ വീടുകൾ ഉപേക്ഷിച്ച് അസമിലെ കച്ചാർ ജില്ലയിലേക്ക് പലായനം ചെയ്‌ത് മണിപ്പൂരികൾ. അസം-മണിപ്പൂർ അതിർത്തിയിലെ കച്ചാറിലെ ജിരിഘട്ട് വഴി നൂറുകണക്കിനാളുകളാണ് പലായനം ചെയ്‌തത്.
മണിപ്പൂരിൽ വീണ്ടും അക്രമം
മണിപ്പൂരിലെ ജിരിബാം ജില്ലയിൽ മെയ്‌തേയി കുക്കി വിഭാഗങ്ങൾ തമ്മിലുളള ഏറ്റുമുട്ടൽ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി അസം അതിർത്തിയിലുള്ള മണിപ്പൂരിലെ ജിരിബാമിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ജില്ലയിൽ 144 ഏർപ്പെടുത്തിയിട്ടുണ്ട്.
144 ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വെടിവെപ്പ്, ബോംബ് സ്‌ഫോടനങ്ങൾ, തീയിടൽ എന്നിവയെല്ലാം ജിരിബാമിൽ തുടരുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും മണിപ്പൂരിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
അസമിലേക്ക് പലായനം ചെയ്‌ത് മണിപ്പൂരികൾ
മണിപ്പൂരിലെ ജിരിബാം ജില്ലയിലെ സംഘർഷത്തെത്തുടർന്ന് നൂറുകണക്കിന് മണിപ്പൂരികൾ അസമിലെ കച്ചാർ ജില്ലയിലേക്ക് പലായനം ചെയ്‌തു. നിലവിൽ മണിപ്പൂരിലെ 500 - ലധികം ആളുകൾ ഇതുവരെ കച്ചാറിൽ എത്തിയെന്നാണ് കച്ചാർ ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക്.
നിരവധി ആളുകൾ കച്ചാറിലെ ലഖിപൂർ മർക്കുലിനിൽ താൽക്കാലികമായി അഭയം പ്രാപിക്കുന്നുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളൊന്നും തന്നെ ഔദ്യോഗികമായി ക്രമീകരിച്ചിട്ടില്ല. മറ്റു ചിലർ ബന്ധുക്കളുടെ വീടുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്.
കൂട്ട പലായനത്തിൽ ജാഗ്രത തുടർന്ന് കച്ചാർ പൊലീസ്
മണിപ്പൂരിലെ ജിരിബാം ജില്ലയിലെ വർഗീയ സംഘർഷങ്ങൾ കച്ചാറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ അതിർത്തി പ്രദേശത്ത് ദിവസവും ച്ചാർ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. ലഖിപൂരിൽ ആയിരക്കണക്കിന് മെയ്‌തേയ്, കുക്കി ആളുകൾ ഉണ്ട്. മണിപ്പൂരിലെ വർഗീയ സംഘർഷം കച്ചാറിലെ ലഖിപൂരിൽ ഉണ്ടാകാതിരിക്കാൻ കച്ചാർ ജില്ലാ ഭരണകൂടവും പൊലീസും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.
Also Read:ജമ്മു കശ്‌മീർ ഭീകരാക്രമണം; റിയാസിയിൽ ഭീകരര്‍ക്കായി തെരച്ചിൽ