പട്‌ന:ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ സഹോദരന്‍റെ ഭാര്യയും മകനും ചേർന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി. തൂണിൽ കെട്ടിയിട്ട് മർദിച്ച ശേഷമാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. 30കാരനായ സുധീർ കുമാറിനെ സഹോദര ഭാര്യ നീതു ദേവിയും മകനും ചേർന്ന് മർദിക്കുകയും തുടർന്ന് വീടിന് പുറത്തുള്ള തൂണിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് മുസാഫർപൂർ റൂറൽ എസ്‌പി വിദ്യാ സാഗർ പറഞ്ഞു.
സംഭവത്തിൽ നീതു ദേവിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മകൻ ഒളിവിൽ തുടരുകയാണ്. സക്ര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പിൽഖി ഗജപതി സ്വദേശിയാണ് കൊല്ലപ്പെട്ട സുധീർ കുമാർ. വ്യാഴാഴ്‌ച രാത്രി 10 മണിയോടെ സുധീറും നീനുവും തമ്മിൽ തർക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ശേഷം നാട്ടുകാർ ഇടപെട്ട് തർക്കം അവസാനിപ്പിച്ചിരുന്നു.
എന്നാൽ രാത്രി വീണ്ടും സുധീറും നീതുവും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് നീതു അയാളെ ഒരു വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിച്ചു. ശേഷം മകനുമായി ചേർന്ന് സുധീറിന്‍റെ മേൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.