ന്യൂഡല്‍ഹി:യുവാവ് ഭാര്യയെയും ഭാര്യാസഹോദരനെയും കുത്തിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പൂര്‍ മേഖലയിലാണ് സംഭവം. കമലേഷ് ഹോല്‍ക്കര്‍ (29), രാം പ്രതാപ് സിങ് (17) എന്നിവരാണ് കൊല്ലപ്പെട്ടത്.
ശ്രേയാന്‍ഷ് പാല്‍ എന്ന മുപ്പതുകാരനാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഫ്ളാറ്റില്‍ വച്ച് ഇവരെ കുത്തി വീഴ്‌ത്തിയ ശേഷം സ്ഥലത്ത് നിന്ന് ഇയാള്‍ മുങ്ങി. കമലേഷിന്‍റെ സഹോദരന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഈ മാസം പതിമൂന്നിന് ഇവരുടെ മകന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് ഇയാള്‍ സഹോദരിയുടെ വീട്ടിലെത്തിയത്.
സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം ശ്രേയാന്‍ഷ് പൊലീസില്‍ കീഴടങ്ങി. ഇയാളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു. ശ്രേയാന്‍ഷിന്‍റെ പിതാവാണ് സംഭവം പൊലീസില്‍ അറിയിച്ചത്. മകനെ വിളിച്ചുണര്‍ത്താനായി എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശ്രേയാന്‍ഷിന്‍റെ മകന്‍ കിടക്കയില്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ ഭാര്യയുടെയും ഭാര്യാസഹോദരന്‍റെയും മൃതദേഹങ്ങളും ഉണ്ടായിരുന്നു.
Also Read:ഭർത്താവിനെ തലക്കടിച്ചു കൊന്ന സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്‌തു
സ്ഥലത്ത് നിന്ന് ഒരു സ്‌ക്രൂഡ്രൈവര്‍ കണ്ടെടുത്തു. ഇതുപയോഗിച്ചാകാം കൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.