ഡല്‍ഹി :ഡൽഹിയിലെ സർ ഗംഗാറാം ഹോസ്‌പിറ്റലിൽ മാനസിക രോഗബാധിതനായ 26 കാരന്‍റെ കുടലിൽ നിന്ന് ശസ്‌ത്രക്രിയയിലൂടെ 39 നാണയങ്ങളും 37 കാന്തങ്ങളും പുറത്തെടുത്ത് ഡോക്‌ടർമാർ (26 Year Old Man Gulps Down 39 Coins, 37 Magnets). ബോഡി ബില്‍ഡിങ്ങിന് സിങ്ക് സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇയാൾ നാണയങ്ങളും കാന്തങ്ങളും വിഴുങ്ങിയതെന്ന് ഡോക്‌ടർമാർ പറഞ്ഞു.
ഒന്ന്, രണ്ട്, അഞ്ച് രൂപ നാണയങ്ങളും, വിവിധ ആകൃതിയിലുള്ള കാന്തങ്ങളുമാണ് ഇയാളുടെ കുടലില്‍ നിന്നും പുറത്തെടുത്തത്. 20 ദിവസത്തിലേറെയായി ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കഠിനമായ വേദന കാരണം രോഗിക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു.
രോഗിയുടെ സിടി സ്‌കാനിൽ നാണയങ്ങളും കാന്തങ്ങളും കുടലില്‍ തടഞ്ഞു നില്‍ക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ രോഗിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കാൻ ഡോക്‌ടർമാർ തീരുമാനിച്ചതായും ആശുപത്രിയിലെ ലാപ്രോസ്കോപ്പിക് സർജൻ ഡോ. തരുൺ മിത്തൽ പറഞ്ഞു. ശസ്‌ത്രക്രിയയ്ക്കിടെ, നാണയങ്ങളും കാന്തങ്ങളും കുടലിനുള്ളിൽ രണ്ട് ലൂപ്പുകളിലാണെന്ന് ഡോക്‌ടർമാർ കണ്ടെത്തി.
നാണയങ്ങളും കാന്തങ്ങളും കുടലിൽ നിന്ന് വേർതിരിച്ചെടുത്തു. തുടർന്ന്, രോഗിയുടെ വയറ്റിൽ നിന്നും നാണയങ്ങളും കാന്തങ്ങളും പുറത്തെടുത്തു. യുവാവിന്‍റെ കുടലിനുള്ളില്‍ 39 നാണയങ്ങളും, ഗോളം, നക്ഷത്രം, ത്രികോണം എന്നിങ്ങനെ വ്യത്യസ്‌ത ആകൃതികളിലുള്ള 37 കാന്തങ്ങളുമാണ് ഉണ്ടായിരുന്നത്.