പൂനെ (മഹാരാഷ്‌ട്ര): പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാദിൽ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് 28കാരന്‍ മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അംഗദ് ഗിരി (28) ആണ് അപകടത്തില്‍ മരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
മെയ് 27 ന് പുലർച്ചെ 1.30 ന് പിംപാരി ചിഞ്ച്‌വാഡിലെ വാകാഡ് ഏരിയയിൽ പൂനെ-ബാംഗ്ലൂർ ഹൈവേയ്‌ക്ക് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം നടന്നതെന്ന് പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് അറിയിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കാറിനെയും ഡ്രൈവറായ വേദാന്ത് റായിയെയും (20) പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 304 (എ), 338, 337, 270, മോട്ടോർ വെഹിക്കിൾ ആക്‌ട് 184, 119 / 177 എന്നിവ പ്രകാരം ഹിഞ്ജേവാഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
പൂനെ പോർഷെ അപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണിത്. പൂനെയിലെ കല്യാണി നഗറില്‍ മദ്യപിച്ച 17 കാരന്‍ അമിത വേഗതയില്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മെയ് 19 ന് രാത്രിയുണ്ടായ അപകടത്തിൽ മധ്യപ്രദേശിൽ നിന്നുള്ള യുവ ഐടി പ്രൊഫഷണലുകളായ അശ്വിനി കോഷ്‌ത, അനീഷ് അവാധ്യ എന്നിവരാണ് മരിച്ചത്.
ALSO READ:പൂനെ വാഹനാപകടം; പ്രതിയുടെ മുത്തച്‌ഛനും പിതാവും പൊലീസ് കസ്‌റ്റഡിയിൽ തുടരും