ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസാരിക്കുന്നതിനിടെ തന്‍റെ പ്രസംഗം അവസാനിപ്പിച്ചുവെന്നും തന്നെ അപമാനിച്ചെന്നും അവര്‍ ആരോപിച്ചു. പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് യോഗത്തിനെത്തിയ ഏക മുഖ്യമന്ത്രി ആയിരുന്നു മമത ബാനര്‍ജി.
സംസാരിച്ച് തുടങ്ങി അഞ്ച് മിനിറ്റ് ആയപ്പോഴേക്കും തന്‍റെ മൈക്ക് ഓഫ് ചെയ്‌തെന്ന് മമത യോഗത്തില്‍ നിന്ന് പുറത്ത് വന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ ദീര്‍ഘസമയം അനുവദിച്ചു. ഇത് തന്നെ അപമാനിക്കലാണെന്നും ഇനി ഒരു യോഗത്തിലും പങ്കെടുക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് 20 മിനിറ്റ് സമയം സംസാരിക്കാന്‍ അനുവദിച്ചു. അസം, ഗോവ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പത്ത് മുതല്‍ പന്ത്രണ്ട് മിനിറ്റ് വരെ നല്‍കി. താന്‍ സംസാരിച്ച് തുടങ്ങി കേവലം അഞ്ച് മിനിറ്റായപ്പോഴേക്കും മൈക്ക് ഓഫ് ചെയ്‌തു.
പ്രതിപക്ഷ നിരയെ പ്രതിനിധീകരിച്ച് താന്‍ മാത്രമാണ് ഇവിടെ എത്തിയത്. ഫെഡറലിസത്തിലെ സഹകരണം മെച്ചപ്പെടുത്തണമെന്നുള്ള അതീവ താത്പര്യം കൊണ്ടാണ് താന്‍ യോഗത്തിനെത്തിയത്. ബജറ്റ് രാഷ്‌ട്രീയ വേര്‍തിരിവ് കാട്ടുന്നതാണെന്ന് താന്‍ യോഗത്തില്‍ പ്രസംഗിക്കവേ ചൂണ്ടിക്കാട്ടിയെന്നും മമത പറഞ്ഞു. താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്. നിങ്ങള്‍ പല സംസ്ഥാനങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല. ബജറ്റ് പുനഃപരിശോധിക്കണമെന്ന ആവശ്യവും മമത യോഗത്തില്‍ ഉയര്‍ത്തി.
പ്രതികരണവുമായി എംകെ സ്റ്റാലിനും:പ്രതിപക്ഷ കക്ഷികളെ ശത്രുക്കളായി ഗണിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രതികരിച്ചു. ഇതാണോ സഹകരണ ഫെഡറലിസം എന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെയാണോ ഒരു മുഖ്യമന്ത്രിയെ പരിഗണിക്കേണ്ടത് ? പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തിലെ ഒഴിവാക്കാനാകാത്ത ഘടകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയണം. അവരെ ശത്രുക്കളായി കരുതി നിശബ്‌ദരാക്കരുത്. സഹകരണ ഫെഡറലിസത്തില്‍ എല്ലാവരുടെയും അഭിപ്രായം ആവശ്യമാണ്. എല്ലാവരുടെയും ശബ്‌ദം ആദരിക്കപ്പെടണമെന്നും സ്റ്റാലിന്‍ എക്‌സില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ആരോപണം നിഷേധിച്ച് സര്‍ക്കാര്‍:മുഖ്യമന്ത്രി മമതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് സര്‍ക്കാര്‍. മമതയുടെ സമയപരിധി അവസാനിച്ചെന്ന് ക്ലോക്കില്‍ കാണിച്ചെന്നും അവര്‍ പറഞ്ഞു. അക്ഷരമാല ക്രമത്തില്‍ മമതയ്ക്ക് സംസാരിക്കാന്‍ അവസരം ഉച്ചയൂണിന് പിരിയുന്നതിന് തൊട്ടുമുമ്പായിരുന്നു. എന്നാല്‍ അവര്‍ക്ക് നേരത്തെ കൊല്‍ക്കത്തയിലേക്ക് മടങ്ങണമെന്നും നേരത്തെ സംസാരിക്കണമെന്നും ആവശ്യപ്പെട്ടതിനാല്‍ അവരെ ഏഴാമതായി സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു. മമതയുടെ മൈക്ക് ഓഫാക്കിയിട്ടില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു.
Also Read:പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന്; കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഡൽഹി സർക്കാരുകള്‍ വിട്ടുനില്‍ക്കും