ജല്‍പായ്ഗുഡി:പൗരത്വ നിയമത്തിനും പൗരത്വ പട്ടികയ്ക്കും പിന്നാലെ പൊതു സിവില്‍ കോഡു കൂടി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിെര പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിലുള്ള അടുപ്പത്തെയും മമത ചോദ്യം ചെയ്തു. മാല്‍ബസാറില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഇതടക്കം നിരവധി വിഷയങ്ങള്‍ മമത ഉയര്‍ത്തി. ബിജെപിയുമായി കൂടിയാലോചിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്നത് എന്ന ഗുരുതര ആരോപണവും അവര്‍ ഉയര്‍ത്തി.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മാതൃക പെരുമാറ്റച്ചട്ടം ബിജെപി ലംഘിക്കുന്നതായും മമത ആരോപിച്ചു. വിഷസര്‍പ്പത്തെ പോലും വിശ്വസിക്കാം, അവയെ വേണമെങ്കില്‍ പോറ്റി വളര്‍ത്താം. എന്നാല്‍ ബിജെപിയെ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ താത്പര്യത്തിന് അനുസരിച്ചാണ് കേന്ദ്ര ഏജന്‍സികളും ബിഎസ്എഫും സിഐഎസ്എഫും പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നൽകി.
ബിജെപി രാജ്യത്തെ തകര്‍ക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ ഭീഷണിക്ക് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുട്ട് മടക്കില്ല. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഎസ്എഫില്‍ നിന്ന് നാട്ടുകാര്‍ക്ക് പീഡനമുണ്ടായാല്‍ കൂച്ച്ബീഹാറിലെ സ്ത്രീകള്‍ പൊലീസില്‍ പരാതിപ്പെടണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, എന്‍ഐഎ, ആദായനികുതി വകുപ്പ്, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു രാജ്യം ഒരൊറ്റ പാര്‍ട്ടി എന്ന സിദ്ധാന്തത്തിലൂന്നിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. നിരവധി കേസുകളുള്ള ഒരാള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ സഹമന്ത്രി സ്ഥാനം നല്‍കിയത് ലജ്ജാകരമാണെന്നും മമത ചൂണ്ടിക്കാട്ടി. നിശിത് പ്രാമാണികിന്റെ പേര് എടുത്ത് പറയാതെ ആയിരുന്നു മമതയുടെ വിമര്‍ശനം.