ഉത്തർപ്രദേശിലെ ഹത്രാസിൽ സത്സംഗിനിടെയുണ്ടായ തിക്കും തിരക്കും വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 100-ല്‍ ഏറെ പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. പുൽരായ് ഗ്രാമത്തിലെ 'സത്സംഗ്' ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. ഇന്ത്യയില്‍ നേരത്തെയും തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവം ഉണ്ടായിട്ടുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അവ വീണ്ടും ഓര്‍ക്കാം.
25.03.2024: കൊല്ലം കൊട്ടൻകുളങ്ങര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു.
17.03.2024: ഉത്തർപ്രദേശിലെ മഥുരയിലെ ആദരണീയമായ ശ്രീജി ക്ഷേത്രത്തിൽ ഹോളിക്ക് മുമ്പുള്ള പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് ആറ് ഭക്തർ ബോധരഹിതരായി, നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
24.12.2023: മഥുര ക്ഷേത്രത്തിൽ തിക്കും തിരക്കും കാരണം രണ്ട് സ്‌ത്രീ ഭക്തർ ശ്വാസം മുട്ടി മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം.
20.08.2022: ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ബാങ്കെ ബിഹാരി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 65 വയസുള്ള ഒരു പുരുഷനും 55 വയസുള്ള ഒരു സ്‌ത്രീയും മരിച്ചു, ഏഴ് ഭക്തർക്ക് പരിക്കേറ്റു.
01.01.2022: ജമ്മു കശ്‌മീരിലെ പ്രശസ്‌തമായ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിക്കുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
21.04.2019: തമിഴ്‌നാട്ടിലെ തിരുച്ചിയിൽ ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴു മരണം. ട്രിച്ചി മുത്തയംപാളയം ഗ്രാമത്തിലെ കറുപ്പസാമി ക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തിനിടെ രാവിലെ 11 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ കറുപ്പസാമി വിഗ്രഹത്തിന് മുമ്പിൽ പൂജാരിയിൽ നിന്ന് നാണയങ്ങൾ ശേഖരിക്കുന്ന ചടങ്ങിലാണ് നിരവധി പേർ തിക്കിലും തിരക്കിലും പെട്ടത്.
10.08.2015: ജാർഖണ്ഡിലെ ദിയോഘർ പട്ടണത്തിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജാർഖണ്ഡിലെ ബൈദ്യനാഥ് ജ്യോതിർലിംഗ ക്ഷേത്രത്തിന്‍റെ വാതിലുകൾ തുറന്നതിന് തൊട്ടുപിന്നാലെ തീർഥാടകർ കെട്ടിടത്തിലേക്ക് കുതിച്ചെത്തിയതിനെ തുടർന്നാണ് തിക്കിലും തിരക്കിലും പെട്ടത്.
14.07.2014: ആന്ധ്രയിലെ രാജമുന്ദ്രിയിൽ നടന്ന പുഷ്‌കരം ഉത്സവത്തിന്‍റെ ഉദ്ഘാടന ദിനത്തിൽ ഗോദാവരി നദീതീരത്തെ പ്രധാന സ്‌നാനകേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 തീർഥാടകർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.