മുംബൈ: മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം ബൃഹൻ മുംബൈയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടി അവധി നല്‍കണമെന്ന് മുംബൈ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ ഉത്തരവിട്ടു. ബൃഹൻ മുംബൈ പരിധിയിലെ എല്ലാ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും നവംബർ 20 ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിന് ജീവനക്കാർക്ക് ശമ്പളത്തോട് കൂടി അവധി നല്‍കണമെന്നാണ് ഉത്തരവ്.
ഈ നിർദേശം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫിസറും ബൃഹൻ മുംബൈ മുനിസിപ്പൽ കമ്മിഷണറുമായ ഭൂഷൺ ഗഗ്രാനി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. മുംബൈ സബർബൻ, മുംബൈ സിറ്റി എന്നീ ജില്ലകളിലെ യോഗ്യരായ എല്ലാ വോട്ടർമാരെയും അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
വോട്ടിങ് ശതമാനം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. എല്ലാ വ്യവസായ മേഖലകൾക്കും കോർപ്പറേഷനുകൾക്കും കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്, ഈ അവധി കാരണം വേതന കിഴിവുകൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും അടിയന്തര സാഹചര്യത്തില്‍ ദിവസം മുഴുവൻ അവധി നല്‍കാൻ സാധിക്കില്ലെങ്കില്‍, കുറഞ്ഞത് 4 മണിക്കൂറെങ്കിലും ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്നും ഉത്തരവിലുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 (ബി) പ്രകാരം വോട്ടവകാശം വിനിയോഗിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാൻ പാടില്ല.