മുംബൈ : മഹാരാഷ്‌ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. വീണ്ടും ഭരണത്തിലേറുമെന്ന പ്രതീക്ഷയുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും ശക്തമായ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മഹാ വികാസ് അഘാഡി (എംവിഎ) സഖ്യവും. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ച് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രമുഖ നേതാക്കളെല്ലാം തന്നെ പര്യടനത്തിനെത്തിയിരുന്നു. നരേന്ദ്ര മോദി, അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ എത്തിയിരുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും അടങ്ങുന്ന മഹായുതി, അധികാരം നിലനിർത്തുന്നതിനായി സ്‌ത്രീകൾക്കായി 'മജ്ഹി ലഡ്‌കി ബഹിൻ' പോലുള്ള ജനപ്രിയ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു.
ശിവസേന, എൻസിപി കക്ഷികളുടെ പിളർപ്പിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 2,086 സ്വതന്ത്രരുൾപ്പെടെ 4,136 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 9.7 കോടി വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിക്കുക. ഇതിൽ അഞ്ച് കോടി പുരുഷന്മാരും 4.69 കോടി സ്ത്രീകളും ഉൾപ്പെടുന്നു. ഒരു ലക്ഷത്തിലധികം പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.