ഭോപ്പാൽ :മദ്യപാനം ഉപേക്ഷിക്കാന്‍ വേണ്ടി മദ്യം വീട്ടിൽ കൊണ്ടുവന്ന് കുടിക്കാൻ ഭർത്താക്കന്മാരോട് ആവശ്യപ്പെടണമെന്ന് മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി നാരായൺ സിങ് കുശ്‌വാഹ. വീട്ടില്‍ വച്ച് മദ്യം കഴിക്കുമ്പോള്‍ നാണക്കേട് തോന്നി മദ്യപാനം ഉപേക്ഷിക്കുമെന്നാണ് മന്ത്രിയുടെ വാദം. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നശ മുക്തി അഭിയാൻ പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് സാമൂഹിക നീതി, ഭിന്നശേഷിക്കാരുടെ ശാക്തീകരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രി നാരായൺ സിങ് കുശ്‌വാഹയുടെ പരാമര്‍ശം.
'പുറത്തുനിന്ന് മദ്യം കഴിച്ച് വീട്ടിലേക്ക് വരുന്ന പുരുഷന്മാരോട് മദ്യം വീട്ടിൽ കൊണ്ടുവന്ന് കുടിക്കാൻ അവരുടെ ഭാര്യമാര്‍ പറയണം. വീട്ടിൽ സ്‌ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ നിന്ന് മദ്യം കഴിക്കുമ്പോള്‍ അവർക്ക് നാണക്കേട് തോന്നും. അത് ക്രമേണ അവരെ മദ്യപാനത്തിന്‍റെ ആസക്തിയിൽ നിന്ന് മുക്തി നേടാന്‍ സഹായിക്കും'- മന്ത്രി പറഞ്ഞു. മദ്യപിച്ച് വീട്ടിൽ വരുന്നവർക്ക് ഭക്ഷണം നൽകരുതെന്നും അദ്ദേഹം സ്‌ത്രീകളെ ഉപദേശിച്ചു.
'മദ്യം കഴിച്ച് വീട്ടിൽ വരുന്നവർക്ക് സ്ത്രീകൾ ഭക്ഷണം പാകം ചെയ്യരുത്. മദ്യം കഴിച്ച് വരുന്ന ഭര്‍ത്താവിനെ ചപ്പാത്തിക്കോല് കാണിച്ച് നിലക്ക് നിര്‍ത്താന്‍ ഭാര്യമാര്‍ക്ക് കഴിയണം. സാമൂഹിക മൂല്യങ്ങൾ കാരണം പലർക്കും ഇത് ചെയ്യാൻ കഴിയില്ല. എന്നാല്‍ തെറ്റുകൾ തടയുന്നതിനുള്ള വഴിയിൽ മൂല്യങ്ങൾ നോക്കരുത്.' മന്ത്രി കുശ്‌വാഹ കൂട്ടിച്ചേർത്തു.
മധ്യപ്രദേശിലെ മദ്യനിരോധനത്തെ കുറിച്ച് ചോദിച്ചപ്പോൾ, മദ്യം നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും മദ്യം ലഭ്യമാണെന്നും മധ്യപ്രദേശിൽ മദ്യനിരോധനം സർക്കാർ തലത്തിൽ പരിഗണനയിലാണെന്നും മന്ത്രി മറുപടി പറഞ്ഞു. 'മുൻ ഭരണകാലത്ത് ഞാൻ മദ്യനിരോധനം നിർദേശിച്ചിരുന്നു, എന്നാൽ മദ്യം നിരോധിച്ച സംസ്ഥാനങ്ങളിലും എവിടെയും മദ്യം കാണാം. സംസ്ഥാനത്ത് മദ്യനിരോധനം സർക്കാർ തലത്തിൽ പരിഗണനയിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭാവിയിൽ ഇതില്‍ തീരുമാനമെടുക്കാം. മദ്യനിരോധനം പൊതുജന ബോധവൽക്കരണത്തിലൂടെ സാധ്യമാക്കാനാകും.'- മന്ത്രി പറഞ്ഞു.
Also Read :മദ്യവും മയക്കുമരുന്നും മൂലം ഒരു വര്‍ഷം മൂന്ന് ദശലക്ഷത്തിലധികം മരണം; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത് - WHO REPORT ON DEATH DUE TO DRUG USE