ചണ്ഡീഗഢ്:പാസ്‌പോർട്ട് നഷ്‌ടപ്പെട്ട് ലെബനനിൽ കുടുങ്ങിയ ലുധിയാന സ്വദേശി ഗുർതേജ് സിങ് വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തി. 23 വർഷങ്ങൾക്ക് ശേഷമാണ് മടക്കം. ലുധിയാനയിലെ മത്തേവാര ഗ്രാമവാസിയാണ് മടങ്ങിയെത്തിയ ഗുർതേജ് സിങ്.
എഎപി രാജ്യസഭാംഗം ബൽബീർ സിങ് സീചെവാൾ വിഷയം വിദേശകാര്യ മന്ത്രാലയത്തിൽ ഉന്നയിച്ചതിനെ തുടർന്ന് സെപ്റ്റംബർ 6നാണ് ഗുർതേജ് സിങ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഗുർതേജ് സിങ്ങിന്‍റെ നഷ്‌ടപ്പെട്ട പാസ്‌പോർട്ടിന്‍റെ ഒരു പകർപ്പ് ലഭ്യമായതിനെ തുടർന്ന് ആ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയച്ചു. ഇതോടെയാണ് സിങ്ങിന് തിരിച്ചുവരാനായതെന്ന് ബൽബീർ സിങ് സീചെവാൾ പറഞ്ഞു.
2001ലാണ് ഗുർതേജ് സിങ്ങും അദ്ദേഹത്തിന്‍റെ ഗ്രാമത്തിലെ ഏതാനും വ്യക്തികളും ലെബനനിലേക്ക് താമസം മാറിയത്. 2006ൽ ലെബനനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മറ്റുള്ളവർ നാട്ടിലേക്ക് മടങ്ങിയെങ്കിലും പാസ്‌പോർട്ട് നഷ്‌ടപ്പെട്ടതിനാൽ ഗുർതേജ് സിങ് അവിടെ കുടുങ്ങുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'യുദ്ധത്തിന്‍റെ സമയത്ത് തനിക്കും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടായിരുന്നു. അതിനായി പല തവണ ഇന്ത്യൻ എംബസിയിൽ പോയിരുന്നുവെങ്കിലും പാസ്‌പോർട്ടോ അതിന്‍റെ പകർപ്പോ ഇല്ലാതിരുന്നതിനാൽ ആർക്കും തന്നെ സഹായിക്കാൻ കഴിഞ്ഞില്ല,' ഗുർതേജ് സിങ് പറഞ്ഞു.
പാസ്‌പോർട്ടിൻ്റെ അഭാവത്തിൽ എങ്ങനെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് താൻ ചിന്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയിലുള്ള ഗുർതേജ് സിങ്ങിന്‍റെ കുടുംബവും അദ്ദേഹത്തിൻ്റെ തിരിച്ച് വരവ് സുഗമമാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാസ്‌പോർട്ടിന്‍റെ പകർപ്പ് ലഭിക്കാത്തതിനാൽ, തൻ്റെ കുടുംബത്തെ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്നാണ് കരുതിയതെന്ന് ഗുർതേജ് സിങ് പറഞ്ഞു. എങ്ങനെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല പാസ്‌പോർട്ട് ഇല്ലാത്തതിനാൽ പിടിക്കപ്പെടുമോ എന്ന ഭയം തനിക്ക് ഉണ്ടായിരുന്നുവെന്നും ഗുർതേജ് സിങ് വ്യക്തമാക്കി.
ലെബനനിലേക്ക് പോകുന്നതിന് മുമ്പ് ലുധിയാനയിലെ ഒരു പച്ചക്കറി ഫാമിലും സ്വെറ്ററുകൾ നിർമ്മിക്കുന്ന ഒരു ഫാക്‌ടറിയിലും ഗുർതേജ് സിങ് ജോലി ചെയ്‌തിരുന്നു.
Also Read:മലയാളികൾ റഷ്യയിലെത്തിയത് വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് ; തിരികെയെത്തിക്കാന്‍ നടപടികള്‍ ഊര്‍ജിതം