ബെംഗളൂരു :ലൈംഗിക വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജെഡിഎസ് നേതാവും ഹാസൻ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്‌റ്റ് ചെയ്യേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ പ്രജ്വല്‍ രേവണ്ണ കൂടുതൽ സമയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ബെംഗളൂരുവില്‍ ഇല്ലാത്തതിനാൽ ഹാജരാകാന്‍ ഏഴ് ദിവസത്തെ സാവകാശം വേണമെന്നായിരുന്നു രേവണ്ണയുടെ ആവശ്യം.
അതേസമയം, പ്രജ്വല്‍ രേവണ്ണയ്ക്ക് നൽകിയ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കി അദ്ദേഹം നിയമത്തിന് മുന്നിൽ തിരിച്ചെത്തുന്നത് ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചു.