ലക്ഷദ്വീപില്‍ 59.02 ശതമാനം പോളിങ്; വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍ കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ലക്ഷദ്വീപില്‍ 59.02 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്‌തത് ബിത്രയിലാണ്. രാവിലെ 7.30 ന് ആരംഭിച്ച പോളിങില്‍ ഉച്ച ഒരുമണി വരെ ആയപ്പോള്‍ തന്നെ ബിത്രയില്‍ 92.83 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഇവിടെ ആകെ വോട്ട് 237 മാത്രമാണ്.
അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്ത് 67.7 ശതമാനവുമായി കില്‍ത്താന്‍ ദ്വീപാണ് ഉളളത്. മൂന്നാമതുള്ള ചത്‌ലാട്ട് ദ്വീപില്‍ 66.11 ശതമാനം വോട്ട് രേഖപ്പെടുത്തി. കവരത്തിയില്‍ 64.98 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കടമാട്ട് ദ്വീപില്‍ 62.56 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അഗത്തിയില്‍ 60.46 ശതമാനമാണ് പോളിങ് നില.
കല്‍പ്പേനിയില്‍ 58.16 ശതമാനം പേരും ആന്ത്രോത്ത് ദ്വീപില്‍ 57.37ഉം കല്‍പ്പേനിയില്‍ 58.16 ശതമാനം പേരും മിനിക്കോയില്‍ 52.84 ശതമാനം പേരും വോട്ട് ചെയ്‌തു. ദ്വീപില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ അമിനിയില്‍ 49.64 ശതമാനം പേര്‍ വോട്ട് ചെയ്‌തു. പൊതുവേ മന്ദ നിലയിലാണ് പല ദ്വീപസമൂഹങ്ങളിലും പോളിങ് ആരംഭിച്ചതെങ്കിലും ഉച്ചയോടെ സജീവമായി.
നിലവിലെ എംപി എന്‍സിപി ശരദ് ചന്ദ്ര പവാര്‍ വിഭാഗത്തിലെ മുഹമ്മദ് ഫൈസല്‍ പിപിയും മുന്‍ എം പി കോണ്‍ഗ്രസിലെ ഹംദുല്ലാ സെയ്‌ദും മുസ്‌ലിം മത പണ്ഡിതനും ബിജെപി പിന്തുണയ്ക്കുന്ന എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥിയുമായ യൂസഫ് ടി പിയും തമ്മിലാണ് പ്രധാന മല്‍സരം. ഇവര്‍ക്കു പുറമേ സ്വതന്ത്ര സ്ഥാനാര്‍ഥി കോയയും മല്‍സരിക്കുന്നു.
സ്ഥാനാര്‍ഥികളെല്ലാം ദ്വീപുകാര്‍ക്ക് സുപരിചിതരാണ്. ആന്ത്രോത്ത് സ്വദേശികളാണ് ഹംദുല്ല സെയ്‌ദും ഫൈസല്‍ മൂത്തോനും. കടമത്ത് ദ്വീപ് സ്വദേശിയാണ് യൂസഫ് ടി പി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കോയ കല്‍പ്പേനി സ്വദേശിയും. ലക്ഷദ്വീപില്‍ അറിയപ്പെടുന്ന മത പണ്ഡിതനാണ് സുന്നി സംഘടനാ നേതാവ് കൂടിയായ യൂസഫ് ടി പി. ജാമിയത്ത് ശുബനുസുന്നിയ സംഘടനയുടെ സ്ഥാപക നേതാവാണ്. കടമത്ത് ദ്വീപിലെ ഇമാമും മദ്രസ അധ്യാപകനുമൊക്കെയായ യൂസഫിന്‍റെ കുടുംബവും പൊതു പ്രവര്‍ത്തന രംഗത്ത് അറിയപ്പെടുന്നവരാണ്.
നിലവിലെ എംപി മുഹമ്മദ് ഫൈസല്‍ പിപി ഇത്തവണ എന്‍സിപി ശരത്ചന്ദ്ര പവാര്‍ വിഭാഗത്തിന് വേണ്ടി മത്സരിക്കാനിറങ്ങുന്നു. കാഹളം മുഴക്കുന്ന മനുഷ്യനാണ് ചിഹ്നം. കഴിഞ്ഞ തവണ രണ്ടാമതെത്തിയ കോണ്‍ഗ്രസിലെ മൊഹമ്മദ് ഹംദുല്ല സെയ്‌ദ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നു. ഏറെക്കാലം ലക്ഷദ്വീപ് എംപിയും ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കറുമൊക്കെയായിരുന്ന പിഎം സയീദിന്‍റെ മകന്‍ ഹംദുല്ല സെയ്‌ദ് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബിജെപിയുടെ പിന്തുണ എന്‍സിപി അജിത് പവാര്‍ പക്ഷത്തെ യൂസഫ് ടിപിക്കാണ്.
കഴിഞ്ഞ തവണ എന്‍സിപിയിലെ മുഹമ്മദ് ഫൈസല്‍ പടിപ്പുര ജയിച്ചത് കേവലം 823 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍. പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിലെ മുഹമ്മദ് ഹംദുല്ല സെയ്‌ദിനെയായിരുന്നു. 2014 ലും ഇരുവരും തന്നെയായിരുന്നു നേര്‍ക്കുനേര്‍ മത്സരിച്ചത്. അന്ന് ഫൈസല്‍ ജയിച്ചത് 1535 വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു. 2009ല്‍ ഹംദുല്ല സെയ്‌ദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചത് 2198 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു.
കഴിഞ്ഞ തവണ എട്ട് സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. എന്‍സിപി സ്ഥാനാര്‍ഥി മൊഹമ്മദ് ഫൈസല്‍ 22851 വോട്ടുകളും കോണ്‍ഗ്രസിലെ ഹംദുല്ല സെയ്‌ദ് 22028 വോട്ടുകളുമാണ് കഴിഞ്ഞ തവണ നേടിയത്. ലക്ഷദ്വീപ് സമൂഹത്തില്‍ എന്‍സിപിക്കും കോണ്‍ഗ്രസിനും 20,000 ത്തിലധികം വോട്ടുകളുടെ ഉറച്ച അടിത്തറയുണ്ടെന്നതാണ് തെരഞ്ഞെടുപ്പ് ചരിത്രം വെളിവാക്കുന്നത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ 450 വോട്ട് കരസ്ഥമാക്കിക്കൊണ്ടിരുന്ന സിപിഎം ഇത്തവണ ദ്വീപില്‍ മല്‍സര രംഗത്തില്ല.
മുസ്‌ലിം ഭൂരിപക്ഷ മേഖലയെങ്കിലും 2009 മുതല്‍ ദ്വീപില്‍ മത്സരിക്കുന്ന ബിജെപിക്കും 250 വോട്ടുണ്ട്. ബിജെപി ഇത്തവണ സഖ്യ കക്ഷിയായ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനാണ് ലക്ഷദ്വീപ് സീറ്റ് നല്‍കിയിരിക്കുന്നത്. 1000 ത്തിലേറെ വോട്ടുള്ള ജെഡിയുവും 150 ഓളം വോട്ടുള്ള സിപിഐയും ഇത്തവണ മത്സര രംഗത്തില്ല. വോട്ട് വിഹിതം ചെറുതെങ്കിലും ഈ കക്ഷികള്‍ക്കെല്ലാം ദ്വീപിലെ ജയ പരാജയങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത കാലത്ത് നടത്തിയ ദ്വീപ് സന്ദര്‍ശനം രാജ്യത്താകെയും വിദേശങ്ങളിലുമൊക്കെ ലക്ഷദ്വീപിന് വലിയ പെരുമയും പ്രചാരവും നേടിക്കൊടുത്തിരുന്നു. ഇത് ദ്വീപിലെ ടൂറിസം വികസനത്തിന് വലിയ ഉണര്‍വുണ്ടാക്കിയെന്നും ലക്ഷദ്വീപിന്‍റെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ മോദി നടപ്പാക്കുമെന്നും ദ്വീപ് ജനത ഇത് ഉള്‍ക്കൊള്ളുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം എന്‍സിപി അജിത് പവാര്‍ പക്ഷം ദ്വീപില്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിഗത മികവ് മാത്രം ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് നേടുന്നതെന്നതും ശ്രദ്ധേയമാണ്.
Also Read:ലക്ഷദ്വീപിലെ നാളെ പോളിങ്ങിന് വിപുലമായ സന്നാഹങ്ങളൊരുക്കി ദ്വീപ് ഭരണകൂടം