ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം. പോളിങ്ങിനായി സര്‍വസജ്ജമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും അതത് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും അറിയിച്ചിട്ടുണ്ട്.
നക്‌സല്‍ ബാധിത മേഖലകളടക്കം പോളിങ്ങ് ബൂത്തിലെത്തുന്നതിനാല്‍ രാജ്യമെങ്ങും അതീവ സുരക്ഷ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര - സംസ്ഥാന സുരക്ഷാ സേനകളാണ് പോളിങ്ങ് ബൂത്തുകളുടെ സുരക്ഷാ ചുമതലകള്‍ വഹിക്കുന്നത്.
Lok Sabha poll 2024: Only a few hours to Second Phase Polling, All set പതിമൂന്ന് സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26ന് പോളിങ്ങ് നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. മധ്യപ്രദേശിലെ ബേതുള്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തില്‍ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് മാറ്റി. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അശോക് ഭലാവി ഏപ്രില്‍ ഒന്‍പതിന് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടുത്തെ പോളിങ്ങ് മെയ് ഏഴിലേക്ക് മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഇതോടെ നാളെ പോളിങ് ബൂത്തിലെത്തുക 88 മണ്ഡലങ്ങള്‍ മാത്രമാകും.
അസമിലെ അഞ്ച് മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബിഹാറില്‍ അഞ്ചും ഛത്തീസ്‌ഗഡില്‍ മൂന്നും കര്‍ണാടകയില്‍ പതിനാലും കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലേക്കും (20) വോട്ടെടുപ്പ് നടക്കും. ഇതിന് പുറമെ മധ്യപ്രദേശിലെ ആറും മഹാരാഷ്‌ട്രയിലെ എട്ടും മണിപ്പൂരിലെ ഒരു മണ്ഡലത്തിലേക്കും വെള്ളിയാഴ്‌ചയാണ് പോളിങ്ങ്. രാജസ്ഥാനിലെ പതിമൂന്നും ത്രിപുരയിലെ ഒന്നും ഉത്തര്‍പ്രദേശിലെ എട്ടും പശ്ചിമബംഗാളിലെ മൂന്നും ജമ്മുകശ്‌മീരിലെ ഒരു മണ്ഡലത്തിലേക്കും വെള്ളിയാഴ്‌ചയാണ് വോട്ടെടുപ്പ്.
രണ്ടാംഘട്ടത്തില്‍ പോളിങ്ങ് നടക്കുന്ന സുപ്രധാന മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ബിഹാറിലെ കിഷന്‍ഗഞ്ച്, അസമിലെ സില്‍ചര്‍, ഛത്തീസ്‌ഗഡിലെ കാന്‍കര്‍, കര്‍ണാടകയിലെ ബെംഗളൂരു സൗത്ത്, ബംഗളൂരു സെന്‍ട്രല്‍, മധ്യപ്രദേശിലെ ദമോഹ്, രേവ, മഹാരാഷ്‌ട്രയിലെ അകോല, അമരാവതി, മണിപ്പൂരിലെ ഔട്ടര്‍മണിപ്പൂര്‍, രാജസ്ഥാനിലെ ബാര്‍മര്‍,കോട്ട, ജലോര്‍, അജ്‌മീര്‍, ഉത്തര്‍പ്രദേശിലെ മഥുര, അലിഗഡ്, പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങ്, ബേലൂര്‍ഘട്ട്, ജമ്മുകശ്‌മീരിലെ ജമ്മു എന്നിവയാണ് കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ.
Lok Sabha poll 2024: Only a few hours to Second Phase Polling, All set ഉത്തരബംഗാളിലെ മൂന്ന് മണ്ഡലങ്ങളാണ് നാളെ പോളിങ് ബൂത്തിലെത്തുന്നത്. ഡാര്‍ജിലിങ്, റായ്‌ഗഞ്ച്, ബേലൂര്‍ഘട്ട് തുടങ്ങിയ മണ്ഡലങ്ങളാണ് ബംഗാളില്‍ നാളെ വിധി എഴുതുന്നത്. ഈ മൂന്ന് മണ്ഡലങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്. 2019 ല്‍ മൂന്നിലും വിജയിച്ചത് ബിജെപിയാണ്. സംസ്ഥാനത്തെ ശക്തമായ കക്ഷിയായ തൃണമൂലിന് ഒരിക്കല്‍ പോലും ഡാര്‍ജിലിങിലും റായ്‌ഗഞ്ചിലും വിജയം രുചിക്കാനായിട്ടില്ല.
പശ്ചിമബംഗാളില്‍ ബിജെപിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കുന്നുകളുടെ റാണിയായ ഡാര്‍ജിലിങ്ങ്. 2009 മുതല്‍ ബിജെപിയാണ് ഇവിടെ നിന്ന് ജയിച്ച് കയറുന്നത്. 2009ല്‍ ജസ്വന്ത് സിങും 2014 ല്‍ എസ് എസ് അലുവാലിയയും 2019ല്‍ രാജു ബിസ്‌തയും മാറി മാറി പരീക്ഷിക്കപ്പെട്ടു. സ്ഥാനാര്‍ത്ഥി ആരായാലും ബിജെപിയോടുള്ള കടുത്ത പ്രേമം ഇവിടുത്തുകാര്‍ ഉപേക്ഷിച്ചില്ല. ടെറായ് താഴ്‌വര കൂടി ഉള്‍പ്പെടുന്ന മണ്ഡലമാണ് ഡാര്‍ജിലിങ്. മുന്‍കാലങ്ങളിലെ ശീലം ഉപേക്ഷിച്ച് ബിജെപി ഇക്കുറി രാജു ബിസ്‌തയ്ക്ക് തന്നെ ഇക്കുറി ഒരവസരം കൂടി നല്‍കിയിരിക്കുകയാണ്. ജസ്വന്ത് സിങ്ങോ അലുവാലിയയോ ബിസ്‌തയോ ഈ നാട്ടുകാരല്ല. എന്നാല്‍ വ്യക്തികളല്ല സ്വത്വ രാഷ്‌ട്രീയമാണ് ഇവിടെയെപ്പോഴും പ്രാധാന്യം നേടിയിട്ടുള്ളത്. ഗൂര്‍ഖാ ലാന്‍ഡ് പ്രശ്‌നമാണ് ഇവിടെ എപ്പോഴും വിധി നിര്‍ണയിക്കുന്നത്. 11 ഗൂര്‍ഖ ഉപവിഭാഗങ്ങളെ പട്ടികവര്‍ഗ പട്ടികയില്‍ പെടുത്തിയതും നിര്‍ണായക ഘടകമാണ്.
Lok Sabha poll 2024: Only a few hours to Second Phase Polling, All set ഇവിടുത്തെ നേപ്പാളി സംസാരിക്കുന്ന ഗൂര്‍ഖ വോട്ടുകള്‍ ഉറപ്പാക്കാന്‍ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് നന്നായി അറിയാം. പ്രാദേശിക കക്ഷികളുമായും ഇവര്‍ സഖ്യം പുലര്‍ത്തുന്നു. ഇക്കുറി സുഭാസ് ഘിസിങ്ങിന്‍റെ ഗൂര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടുമായാണ് ഇക്കുറി ബിജെപിയുടെ ചങ്ങാത്തം.
രണ്ടാംഘട്ടത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍
രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥികളില്‍ പ്രധാനി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. കേരളത്തിലെ വയനാട്ടില്‍ നിന്ന് തന്നെയാണ് അദ്ദേഹം ഇക്കുറിയും ഭാഗ്യം പരീക്ഷിക്കുന്നത്. സിപിഐയുടെ ആനിരാജയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമാണ് രാഹുലിന്‍റെ പ്രധാന എതിരാളികള്‍. 2019ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. 55120 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സ്‌മൃതി രാഹുലിനെ പരാജയപ്പെടുത്തിയത്.എന്നാല്‍ വയനാട്ടില്‍ 4.3 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിച്ചു.
ചലച്ചിത്രതാരം ഹേമമാലിനിയാണ് ഇത്തവണ ഗോദയിലുള്ള മറ്റൊരു പ്രധാന സ്ഥാനാര്‍ഥി. ഉത്തര്‍പ്രദേശില മഥുരയില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്. 2014 മുതല്‍ ബിജെപിയുടെ ടിക്കറ്റില്‍ ഇവിടെ നിന്ന് മത്‌സരിച്ച് വിജയിക്കുന്ന വ്യക്തി കൂടിയാണ് ഹേമമാലിനി. ഇക്കുറി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുകേഷ് ധന്‍കറിനോടാണ് ഹേമമാലിനി ഏറ്റുമുട്ടുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹേമമാലിനിക്ക് 5,30,000 വോട്ട് നേടി വിജയിക്കാനായി. തൊട്ടടുത്ത എതിരാളി രാഷ്‌ട്രീയ ലോക്‌ദളിന്‍റെ കന്‍വര്‍ നരേന്ദ്ര സിങ്ങിന് കേവലം 2,93,000 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
രാമായണം ടെലവിഷന്‍ പരമ്പരയില്‍ രാമനായി വേഷമിട്ട ടി വി അരുണ്‍ ഗോവിലാണ് മീററ്റ് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്നത്. ബിഎസ്‌പിയുടെ ദേവവ്രത്കുമാര്‍ ത്യാഗിയും എസ്‌പിയുടെ സുനിത വര്‍മ്മയുമാണ് പ്രധാന എതിരാളികള്‍. 2019 ല്‍ ബിജെപിയുടെ രാജേന്ദ്ര അഗര്‍വാള്‍ ആണ് ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ബിഎസ്‌പിയുടെ ഹാജി മുഹമ്മദ് യാക്കൂബിനെ 5.86 ലക്ഷം വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
Also Read:വോട്ടര്‍മാരേ വരൂ, നിര്‍ഭയമായി വോട്ടുചെയ്യാം ; എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍
കോണ്‍ഗ്രസിന്‍റെ ശശി തരൂര്‍ (തിരുവനന്തപുരം) ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ (രാജനന്ദ്ഗാവ്), കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് (ജോധ്‌പൂര്‍) ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ല (കോട്ട), വന്‍ചിത് ബഹുജന്‍ അഘാഡി (വിബിഎ) മേധാവി പ്രകാശ് അംബേദ്ക്കര്‍ (അകോല), ബിജെപി ബംഗാള്‍ അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ (ബേലൂര്‍ഘട്ട്) തുടങ്ങിയവരും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന സ്ഥാനാര്‍ഥികളില്‍പ്പെടുന്നു.