തിരുവനന്തപുരം : കേരളത്തിലെ എൽഡിഎഫിനും കോൺഗ്രസിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് പരസ്‌പരം പോരടിക്കുന്ന പാർട്ടികൾ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സഖ്യകക്ഷികളാണെന്ന് പരിഹസിച്ച മോദി ഇരുപാർട്ടികളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്‌തു. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ കാട്ടാക്കടയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഇന്നലെ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായുള്ള വിശദമായ മാർഗരേഖയുണ്ടെന്നും മോദി പറഞ്ഞു. തീരദേശം സംരക്ഷിക്കുമെന്നും തീരദേശവാസികളുടെ ഉപജീവനമാർഗം സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
കേരളത്തിലെ ക്രമസമാധാന പ്രശ്‌നങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും എൽഡിഎഫിന്‍റെയും കോൺഗ്രസിൻ്റെയും കാര്യക്ഷമതയില്ലാത്ത ഭരണം മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വർണക്കടത്തും സഹകരണ ബാങ്ക് തട്ടിപ്പും ചൂണ്ടിക്കാട്ടി മോദി കേരളത്തിലെ ഇടത് സർക്കാരിനെ കടന്നാക്രമിച്ചു.