ബെംഗളൂരു (കർണാടക) :വോട്ട് ചെയ്യുന്നവർക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള തീരുമാനത്തിന് കർണാടക ഹൈക്കോടതി ഹോട്ടൽ ഉടമകൾക്ക് അനുമതി നൽകി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നർക്ക് കൂടുതൽ പോളിങ് രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സൗജന്യ ഭക്ഷണം നൽകാനുള്ള ബെംഗളൂരു ഹോട്ടൽ അസോസിയേഷന്‍റെ തീരുമാനമാണ് ഹൈക്കോടതി അംഗീകരിച്ചത്.
ബിബിഎംപിയുടെ എതിർപ്പ് ചോദ്യം ചെയ്‌ത് ബെംഗളൂരു ഹോട്ടൽ അസോസിയേഷനും നിസർഗ ഗ്രാൻഡ് ഹോട്ടലും സമർപ്പിച്ച ഹർജിയാണ് ജസ്‌റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ച് പരിഗണിച്ചത്. വിചാരണ വേളയിൽ, ഹർജിക്കാരന്‍റെ അഭിഭാഷകൻ, ഹർജിക്കാരുടെ അസോസിയേഷൻ രാഷ്‌ട്രീയ ദുരുദ്ദേശ്യത്തോടെയല്ല ഈ തീരുമാനം എടുത്തതെന്ന് കോടതിയെ അറിയിച്ചു.
വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങൾ ഈ പ്രവർത്തനം ഏറ്റെടുത്തിട്ടുണ്ടെന്നും, കൂടാതെ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങൾ സൗജന്യ ഭക്ഷണം വിതരണം ചെയ്‌തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാൽ തങ്ങളുടെ തീരുമാനം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
വാദം കേട്ട ബെഞ്ച് ഹർജിക്കാരന്‍റെ സദുദ്ദേശ്യത്തെ പ്രശംസിച്ചു. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ സമാനമായ അനുമതി നൽകിയപ്പോൾ കോടതി ഏർപ്പെടുത്തിയ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് വോട്ടർമാർക്ക് ഭക്ഷണം നൽകാൻ അസോസിയേഷന് ഇത്തവണ കോടതി അനുമതി നൽകിയത്.
Also Read : 'കെ സി വേണുഗോപാലിനെതിരെ വ്യക്തിഹത്യ': പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് - Congress Complaint Against Anwar