ന്യൂഡല്‍ഹി:രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി ഭരണഘടനയെ അവഹേളിക്കാൻ ശ്രമിച്ചതിന്‍റെ പേരിലായിരിക്കും കോണ്‍ഗ്രസ് ഓര്‍മ്മിക്കപ്പെടുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ 25-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് കോണ്‍ഗ്രസ് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ഭരണഘടനാപരമായ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്‌തത്. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിലൂടെയുണ്ടായ കറ കഴുകി കളയാൻ കോണ്‍ഗ്രസിന് കഴിയില്ലെന്നും പ്രധാനമന്ത്രി പാര്‍ലമെന്‍റിലെ ഭരണഘടന ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.
ഗാന്ധി കുടുംബം ഭരണഘടനയെ എല്ലായിപ്പോഴും വെല്ലുവിളിക്കുക മാത്രമാണ് ചെയ്‌തിട്ടുള്ളത്. ഓരോ ഘട്ടത്തിലും ഭരണഘടന വിരുദ്ധമായ പ്രവര്‍ത്തികള്‍ കോണ്‍ഗ്രസ് ചെയ്‌തു. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം തടയാൻ കോണ്‍ഗ്രസ് ശ്രമിച്ചുണ്ടെങ്കിലും അതെല്ലാം പരാജയപ്പെടുകയാണുണ്ടായത്.
ഭരണ നിര്‍വഹണത്തിന് ഭരണഘടന തടസമാണെങ്കില്‍ അത് ഭേദഗതി ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുള്ള ആളാണ് ജവഹര്‍ലാല്‍ നെഹ്‌റു എന്നും മോദി ആരോപിച്ചു. ഭരണഘടനയുടെ ആത്മാവിനെ പോലും കോണ്‍ഗ്രസ് വ്രണപ്പെടുത്തിയെന്നും മോദി പറഞ്ഞു. സ്വന്തം കസേര സംരക്ഷിക്കുന്നതിനായാണ് നെഹ്‌റു-ഗാന്ധി കുടുംബം അടിയന്തരാവസ്ഥ പേലും രാജ്യത്ത് ഏര്‍പ്പെടുത്തിയത്.
തീവ്രവാദികള്‍ക്കൊപ്പം നിന്ന് ഭരണഘടനയുടെ ആത്മാവിനെ ബലികഴിപ്പിച്ച വ്യക്തിയാണ് രാജീവ് ഗാന്ധി. അധികാര കേന്ദ്രം പാര്‍ട്ടി അധ്യക്ഷയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. പാർട്ടി അധ്യക്ഷ പറഞ്ഞാൽ തനിക്ക് അനുസരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ പാര്‍ട്ടിക്ക് വഴങ്ങിയത് അന്നായിരുന്നുവെന്നും മോദി പറഞ്ഞു.
നെഹ്‌റു സംവരണത്തെ എതിര്‍ത്തു:ഭരണഘടനയുടെ പരിധിയില്‍ വരുന്നതാണ് ഏകീകൃത സിവില്‍ കോഡും. അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ രാജ്യത്ത് യുസിസി നടപ്പാക്കണമെന്ന് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനിച്ചത്. മതപരമായ വ്യക്തി നിയമങ്ങള്‍ രാജ്യത്ത് ഇല്ലാതാക്കണം എന്നതായിരുന്നു അംബേദ്‌കറിന്‍റെയും ലക്ഷ്യം. അതുകൊണ്ടാണ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാൻ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി.
ദീര്‍ഘവീക്ഷണമുണ്ടായിരുന്ന വ്യക്തിയാണ് ബിആര്‍ അംബ്‌ദേകര്‍. രാജ്യത്തിന്‍റെ ഒരു ഭാഗവും ദുര്‍ബലപ്പെടരുത് എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു. സമത്വത്തിന് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്.
എന്നാല്‍, ജവഹര്‍ലാല്‍ നെഹ്‌റു സംവരണത്തെ ദുരുപയോഗം ചെയ്‌തു. സംവരണത്തിനെതിരെ അദ്ദേഹം പ്രസംഗങ്ങള്‍ നടത്തി, കത്തുകള്‍ എഴുതിയെന്നും മോദി ആരോപിച്ചു. വോട്ട് ബാങ്കിനെ തൃപ്‌തിപ്പെടുത്താനാണ് കോണ്‍ഗ്രസ് മതപരമായ സംവരണം പോലും ഏര്‍പ്പെടുത്തിയതെന്നും മോദി പറഞ്ഞു.
സ്വന്തം പാര്‍ട്ടിയുടെ ഭരണഘടന അംഗീകരിക്കാത്തവരാണ് കോണ്‍ഗ്രസ്:ഭരണഘടന കോണ്‍ഗ്രസിന് ജനങ്ങളെ പേടിപ്പിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. സ്വന്തം പാര്‍ട്ടിയുടെ ഭരണഘടന പോലും അംഗീകരിക്കാൻ അവര്‍ തയ്യാറായിട്ടില്ല. രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയായി 12 സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ പോലും അംഗീകരിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആയിരുന്നു.
പാര്‍ട്ടി ഭരണഘടന പ്രകാരം ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയാകേണ്ടിയിരുന്നതും സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു. ഒരു കോണ്‍ഗ്രസ് കമ്മിറ്റിയുടെയും പിന്തുണ നെഹ്‌റുവിന് ഉണ്ടായിരുന്നില്ല. സ്വന്തം പാര്‍ട്ടിയുടെ ഭരണഘടന പോലും പിന്തുടരാത്തവര്‍ എങ്ങനെ രാജ്യത്തിന്‍റെ ഭരണഘടനയെ പിന്തുടരുമെന്നും മോദി ചോദിച്ചു.
മൂന്നാം സമ്പദ്‌ശക്തിയായി ഇന്ത്യ മാറും:ഇന്ന്, ഇന്ത്യൻ ഭരണഘടനയുടെ 75 വര്‍ഷം അഭിമാനത്തിന്‍റേയും ആഘോഷത്തിന്‍റെയും വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്‍റെ മാതാവാണ് ഇന്ത്യ. ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണ്. അതുപോലൊരു രാജ്യത്ത് വനിതാ ശാക്തീകരണത്തിന് അടിത്തറയായത് ഭരണഘടനയാണ്.