ബെംഗളൂരു (കർണാടക) :കർണാടകയിൽ ലിക്വിഡ് നൈട്രജൻ നിരോധിച്ചു. വ്യാഴാഴ്‌ചയാണ് (മെയ് 30) കർണാടക സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഹോട്ടലുകളിലും റെസ്‌റ്റോറന്‍റുകളിലും ഉപഭോക്താക്കൾക്ക് സ്‌മോക്കിങ് ബിസ്‌ക്കറ്റുകളും മധുരപലഹാരങ്ങളും മറ്റ് ഭക്ഷണങ്ങളും നൽകുമ്പോൾ ലിക്വിഡ് നൈട്രജൻ അതിൽ ഉപയോഗിക്കാറുണ്ടായിരുന്നു.
അടുത്തിടെ ലിക്വിഡ് നൈട്രജൻ സ്മോക്കി പാൻ കഴിച്ചതിനെത്തുടർന്ന് 12 വയസുള്ള ഒരു പെൺകുട്ടിയുടെ വയറ്റിൽ ദ്വാരമുണ്ടായതായി കാണിച്ച് ഒരു വീഡിയോ വൈറലായിരുന്നു. ഇത് ജനങ്ങളിൽ ആശങ്ക സൃഷ്‌ടിച്ചതോടെയാണ് ലിക്വിഡ് നൈട്രജൻ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്. ഉത്തരവ് ലംഘിച്ചാൽ ഭക്ഷ്യ ഉത്‌പാദകർക്ക് 7 വർഷം മുതൽ ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.