ന്യൂഡല്‍ഹി: ലൈംഗിക ചൂഷണത്തിന് ഇരയായവരുടെ സംരക്ഷത്തിനും പുനരധിവാസത്തിനും പരിചരണത്തിനും ഊന്നല്‍ നല്‍കുന്ന നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടാകണമെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ ഒരു നിയമവും രാജ്യത്ത് നിലവിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സമഗ്രമായ പുനരധിവാസ ചട്ടങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടതിന്‍റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടും സുപ്രീം കോടതി ആരാഞ്ഞു. ലൈംഗിക ചൂണഷത്തിനിരയായവര്‍ക്ക് വേണ്ടി 2015ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍മേലുള്ള ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.
ഹര്‍ജി അതീവ പ്രാധാന്യമുള്ളതാണെന്ന് ജസ്‌റ്റിസുമാരായ ജെ ബി പര്‍ദിവാലയും പങ്കജ് മിത്തലും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണം. മനുഷ്യ, ലൈംഗിക ചൂഷണങ്ങള്‍ കുറ്റകരവും മാനുഷിക വിരുദ്ധവുമാണ്. ഇത് ഇരയുടെ ജീവിക്കാനുള്ള അവകാശത്തെയും വ്യക്തിപരമായ സുരക്ഷയെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന് നേരെ ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണമെന്നും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ ചൂഷണം ചെയ്യുന്നവര്‍ മോശമായാണ് പരിഗണിക്കുന്നത്. ഇവര്‍ക്ക് ശാരീരികവും മാനസികവുമായ പല ക്രൂരതകളും ഏറ്റുവാങ്ങേണ്ടിയും വരുന്നു. ഇവര്‍ക്ക് മാരകമായ മുറിവുകളും ഉണ്ടാകുന്നു. ലൈംഗികമായി പകരുന്നത് അടക്കമുള്ള അണുബാധകളും അസുഖങ്ങളും പിടികൂടുന്നു. വിഷാദരോഗം പോലെ കടുത്ത മാനസിക സംഘര്‍ഷങ്ങളിലേക്കും ഇവര്‍ നീങ്ങുന്നു. ഇവര്‍ക്ക് നിരന്തരം മാനസികാരോഗ്യ വിദഗ്‌ധരുടെ സേവനം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇവര്‍ സമൂഹത്തില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്ന് പോലും അന്യവത്ക്കരിക്കപ്പെടുന്നു. ഇവരെ ഇത്തരത്തില്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും. ഇരകള്‍ സ്‌കൂള്‍ -കോളജ് വിദ്യാഭ്യാസം ഉപേക്ഷിച്ചാല്‍ വീണ്ടും അവരെ അതിലേക്ക് കൊണ്ടുവരാന്‍ ഏറെ പ്രയാസമാകുമെന്നും കോടതി നിരീക്ഷിച്ചു. ഇവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കുള്ള അവസരവും ഉണ്ടാക്കണം. ഇവര്‍ക്ക് തൊഴില്‍ നേടാനുള്ള സാഹചര്യവും സൃഷ്‌ടിക്കണം. ജീവിതോപാധികളും ഉറപ്പാക്കണം.
ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കണം. ഇരകളുടെ സാമൂഹ്യ സാമ്പത്തിക പരിസ്ഥിതി മെച്ചപ്പെടുത്തണം. അവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണം. ഇവരുടെ പുനരധിവാസത്തിന് സമഗ്രമായ ചട്ടക്കൂടുകള്‍ ഇല്ലെങ്കില്‍ ഇവ സാധ്യമാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാന്‍ മൂന്നാഴ്‌ച സമയം കോടതി അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യഭാട്ടി ഹാജരായി. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷക അപര്‍ണ ഭട്ടും കോടതിയിലെത്തി. സൈബര്‍ ഇടങ്ങള്‍ വഴിയുള്ള ലൈംഗികചൂഷണത്തെക്കുറിച്ചും ഹര്‍ജിക്കാരുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലും എന്ത് നടപടി കൈക്കൊള്ളാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
Also Read:ട്രെയിനില്‍ ഉറങ്ങി കിടന്ന വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ടു പിടിച്ച് അറസ്‌റ്റ് ചെയ്‌തു