ന്യൂഡൽഹി : കുവൈറ്റില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട 40 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കുവൈറ്റ് വിദേശകാര്യമന്ത്രി അബ്‌ദുല്ല അലി അൽ-യഹ്‌യയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ചര്‍ച്ചനടത്തി. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് എക്‌സിലൂടെ ജയശങ്കര്‍ അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് വ്യാഴാഴ്‌ച കുവൈറ്റിൽ എത്തിയാൽ സംഭവത്തെക്കുറിച്ച് പൂർണമായി അന്വേഷിക്കുമെന്നും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം, അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമാണ് തങ്ങളെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നേരത്തെ നാട്ടില്‍ എത്തിക്കാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും തങ്ങള്‍ വ്യാഴാഴ്‌ച കുവൈത്തിലേക്ക് തിരിക്കുമെന്നും അവര്‍ പറഞ്ഞു.