കൊൽക്കത്ത:ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ചെയ്യുന്ന ഡോക്‌ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡോക്‌ടര്‍മാരുടെ കൂട്ട രാജി. മെഡിക്കൽ കോളജിലെ സീനിയര്‍ ഡോക്‌ടര്‍മാര്‍ അടക്കം 50 പേരാണ് രാജിവച്ചത്. ആശുപത്രിയിലെ ഡിപ്പാർട്ട്‌മെന്‍റ് മേധാവികളുടെ യോഗത്തിലാണ് രാജിവക്കാനുളള തീരുമാനമെടുത്തത്.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്‌ടർക്ക് നീതി ലഭിക്കണമെന്നും 'അഴിമതി നിറഞ്ഞ' ആരോഗ്യ സംരക്ഷണ സംവിധാനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്‌ടര്‍മാര്‍ രാജിവച്ചത്. ജൂനിയർ ഡോക്‌ടർമാർ കഴിഞ്ഞ നാല് ദിവസമായി നിരാഹാര സമരം നടത്തിയിട്ടും അധികാരികളിൽ നിന്ന് ഉചിതമായ പ്രതികരണമെന്നും ഉണ്ടായിട്ടില്ലെന്ന് രാജിവച്ച ഡോക്‌ടര്‍മാര്‍ പറഞ്ഞു. നിരാഹാര സമരം നടത്തുന്നവരുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും കാമ്പസ് ജനാധിപത്യത്തിനും രോഗി സൗഹൃദ സംവിധാനത്തിനും വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
ശനിയാഴ്‌ച മുതലാണ് ജൂനിയര്‍ ഡോക്‌ടര്‍മാര്‍ നിരാഹാര സമരം ആരംഭിച്ചത്. ജോലിയിലേക്ക് മടങ്ങാൻ പശ്ചിമ ബംഗാൾ സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഏഴ് ജൂനിയർ ഡോക്‌ടർമാർ നിരാഹാര സമരം തുടരുകയായിരുന്നു. 15 ഓളം മുതിർന്ന ഡോക്‌ടർമാര്‍ പ്രതീകാത്മക നിരാഹാര സമരം നടത്തി അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ രാജിവച്ച് 50 ഡോക്‌ടര്‍മാര്‍ കൂടി സെൻട്രൽ കൊൽക്കത്തയിലെ എസ്പ്ലനേഡ് ഏരിയയിലെ ഡോറിന ക്രോസിങിലെ നിരാഹാര സമരത്തില്‍ പങ്കാളികളായി.