കൊല്‍ക്കത്ത: ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഡോക്‌ടറെ ക്രൂര ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കേസിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ടി എസ് ശിവാഗ്നാനത്തിന്‍റെ ഉത്തരവ്. സംസ്ഥാന പൊലീസിന്‍റെ പക്കലുള്ള കേസിനെ സംബന്ധിച്ച എല്ലാവിവരങ്ങളും രേഖകളും സിബിഐയ്ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശമുണ്ട്. സിസിടിവി ദൃശ്യങ്ങളും കൈമാറണം.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഒരു പൊലീസ് വൊളന്‍റിയറെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ വേറെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കിയ മുഖ്യപ്രതിയെ പതിനാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇതിനിടെ നിരവധി പൊതുതാത്‌പര്യ ഹര്‍ജികള്‍ സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഇവയില്‍ ഇന്നാണ് ചീഫ് ജസ്റ്റിസ് വാദം കേട്ടത്. മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നേരിട്ട് നല്‍കിയതാണ്. സ്വതന്ത്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നതാണ് ഇതില്‍ പ്രധാന ഹര്‍ജി. സംസ്ഥാനത്തിന് സ്വാധീനമില്ലാത്ത സിബിഐ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.