ഭുവനേശ്വര്‍: എന്താണ് തന്‍റെ മകളെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അറിയില്ലെന്ന് കലിംഗ ഐഐടിയില്‍ ആത്മഹത്യ ചെയ്‌ത വിദ്യാര്‍ത്ഥിനിയുെട അച്‌ഛന്‍. സംഭവ ദിവസവും അവള്‍ സാധാരണ പോലെ തന്നെ ആയിരുന്നു. ഒന്ന് മാത്രമേ തനിക്ക് ആവര്‍ത്തിച്ച് പറയാനാകൂ- ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല- കെഐഐടിയില്‍ ആത്മഹത്യ ചെയ്‌ത നേപ്പാളില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ മാസം പതിനഞ്ചിനാണ് കെഐഐടി സര്‍വകലാശാലയിലെ നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. കൃത്യസമയത്ത് നടപടി കൈക്കൊണ്ടിരുന്നെങ്കില്‍ തന്‍റെ മകള്‍ മരിക്കില്ലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് മേധാവിമാര്‍ അറസ്റ്റില്‍
സര്‍വകലാശാല കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ശ്രമിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ജീവനക്കാര്‍ക്കുമെതിരെ നടപടി കൈക്കൊണ്ടു.
പ്രാഥമിക അന്വേഷണത്തിന് ശേഷം ഇന്‍ഫോസിറ്റി പൊലീസ് സര്‍വകലാശാല ഡിജി എച്ച് ആര്‍ സിബാനന്ദ മിശ്ര, ഡയറക്‌ടര്‍ (അഡ്‌മിനിസ്‌ട്രേഷന്‍) പ്രതാപ് കുമാര്‍ ചമ്പാട്ടി, ഹോസ്റ്റല്‍ ഡയറക്‌ടര്‍ സുധീര്‍കുമാര്‍ റാത് എന്നിവരെയും സുരക്ഷാ ജീവനക്കാരായ രമാകാന്ത നായിക്, ജോഗേന്ദ്ര ബെഹ്‌റ എന്നിവരെയും വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്‌തു. മുഖ്യപ്രതിയായ ഉത്തര്‍പ്രദേശിലെ അലിഗഞ്ച് സ്വദേശിയായ അദ്വിക് ശ്രീവാസ്‌തവ്(21) നെയും അറസ്റ്റ് ചെയ്‌തു. ഇതേ സര്‍വകലാശാലയിലെ ബിടെക് വിദ്യാര്‍ത്ഥിയായ അദ്വിക് പെണ്‍കുട്ടിയെ മാനസികാമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് കുറ്റം.
ഭാരതീയ ന്യായ സംഹിതയിലെ 126(2)/296/115(2)/3(5) വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിന്‍റെ വെളിച്ചത്തില്‍ ഒഡിഷ സര്‍ക്കാര്‍ സര്‍വകലാശാലയെ കരിംപട്ടികയില്‍ പെടുത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിക്കുകയും ചെയ്‌തു. സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നടപടികളുണ്ടാകും. ആഭ്യന്തരവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി, വനിത ശിശുവികസന വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കമ്മീഷണര്‍ കം സെക്രട്ടറി, അംഗങ്ങള്‍ എന്നിവരെയുള്‍പ്പെടുത്തിയാണ് ഉന്നതതല സംഘം രൂപീകരിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വകാര്യ വ്യക്തികളെ ഉപയോഗിച്ച് ബലംപ്രയോഗം നടത്തിയതിനെക്കുറിച്ചും അന്വേഷിക്കും. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
ഒഎച്ച്ആര്‍സി ഇടപെടല്‍ തേടി
വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഒഡിഷ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നതാണ്. എന്തൊക്കെയോ കളികള്‍ നടന്നിട്ടുണ്ട്. ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പരാതിയിലുണ്ട്. അത് പോലെ തന്നെ നേപ്പാള്‍ വിദ്യാര്‍ത്ഥികളോട് അനിശ്ചിതമായി കാമ്പസില്‍ നിന്ന് പോകണമെന്ന് നിര്‍ദ്ദേശിച്ചതും ഹോസ്റ്റല്‍ അടച്ചതും ദുരൂഹമാണ്. ഇവരെ റെയില്‍വേ സ്റ്റേഷനുകളിലും മറ്റും കൊണ്ട് തള്ളുകയായിരുന്നു. ഹോസ്റ്റല്‍ വിട്ട് പോകാന്‍ തയാറാതിരുന്ന വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍ വാര്‍ഡനെയും സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥരെയും കൊണ്ട് നേപ്പാള്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയും ചെയ്‌തുവെന്നും പരാതിയില്‍ പറയുന്നു.
സര്‍വകലാശാലയുടെ ക്ഷമാപണം
വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായ വീഴ്‌ചയില്‍ സര്‍വകലാശാലയ്ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയരുന്നതിനിടെ പരസ്യ മാപ്പപേക്ഷയുമായി സര്‍വകലാശാല അധികൃതര്‍ രംഗത്ത് എത്തി. നമ്മുടെ കാമ്പസില്‍ ഈ മാസം പതിനാറിനുണ്ടായ അനിഷ്‌ട സംഭവങ്ങളില്‍ തങ്ങള്‍ക്ക് അങ്ങേയറ്റം ഖേദമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തങ്ങളില്‍ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം അത്യന്തം ഖേദകരമാണ്. ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. അവര്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടാകില്ല. തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിരുത്തരവാദപരമാണ്. അത് അവരുടെ മാത്രം അഭിപ്രായമാണ്. സാഹചര്യങ്ങള്‍ മൂലം സംഭവിച്ച് പോയതുമാണ്. അവരുടെ പ്രവൃത്തിയെ ഞങ്ങള്‍ ന്യായീകരിക്കുന്നില്ല. അവരെ സര്‍വീസില്‍ നിന്ന് നീക്കിയിട്ടുണ്ട്. അവരുടെ ക്ഷമാപണം നടത്തി. തങ്ങളുടെ വിദ്യാര്‍ത്ഥികളോടും നേപ്പാള്‍ ജനതയോടും മാപ്പ് ചോദിക്കുന്നു. ഇന്ത്യയിലെ ജനതയെ സ്‌നേഹിക്കുന്ന പോലെ തന്നെ നേപ്പാളിലെ ജനങ്ങളെയും തങ്ങള്‍ സ്‌നേഹിക്കുന്നു. ലോകത്തെ എല്ലാ ജനങ്ങളെയും ഞങ്ങള്‍ സ്‌നേഹിക്കുന്നു. വീണ്ടും ഞങ്ങളുടെ നേപ്പാള്‍ വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കുന്നു. ഉടന്‍ തന്നെ ക്ലാസുകള്‍ പുനരാരംഭിക്കും അതില്‍ എല്ലാവരും വന്ന് ചേരണമെന്നും കെഐഐടിയുടെ ക്ഷമാപണക്കുറിപ്പില്‍ പറയുന്നു.
രണ്ട് സുരക്ഷാ ജീവനക്കാരെ അടിയന്തരമായി സര്‍വീസില്‍ നിന്ന് നീക്കി. ഹോസ്റ്റലിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരെയും ഒരു സീനിയര്‍ ഇന്‍റര്‍നാഷണല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്‌തുവെന്നും അധികൃത്യര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് കാമ്പസിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നേപ്പാളി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് വരാന്‍ വേണ്ട സൗകര്യമൊരുക്കാനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. +91 8114380770 എന്ന നമ്പരില്‍ ബന്ധപ്പെടാം. എല്ലാത്തിനും മുകളില്‍ ഞങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്കും നല്ലതിനുമാണ് മുന്‍തൂക്കം നല്‍കുന്നതെന്നും കെഐഐടി പുറത്ത് വിട്ട മാപ്പപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ കാമ്പസില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ മരിച്ച പെണ്‍കുട്ടിക്കും നേപ്പാളില്‍ നിന്നുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നീതി വേണമെന്ന ആവശ്യവുമായി മെഴുകുതിരിയേന്തി പ്രകടനം നടത്തി.
Also Read:പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ചു; സ്വകാര്യ സര്‍വകലാശാലയില്‍ നിന്ന് നേപ്പാള്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി