കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ സമരമുഖം തുറന്ന് കേരള സർക്കാർ ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ സമരമുഖം തുറന്ന് കേരള സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫ് ജനപ്രതിനിധി സംഘമാണ് ജന്തർമന്ദറില്‍ പ്രതിഷേധ സമരം നടത്തിയത്. കേന്ദ്രം ഭരിക്കുന്ന യൂണിയൻ സർക്കാർ ഭരണഘടന ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും വായ്‌പ പരിധി വെട്ടിക്കുറച്ചെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിന് എതിരായ സമരമാണിതെന്നും സംസ്ഥാന സർക്കാരുകളോട് ജനാധിപത്യ വിരുദ്ധമായാണ് യൂണിയൻ സർക്കാർ പെരുമാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശ ലംഘനത്തിന് എതിരായ സമരമാണിത്. ജിഎസ്ടി നഷ്‌ടപരിഹാരം വൈകിക്കുന്നു. ഇടക്കാല ബജറ്റ് കേരളത്തെ ഞെരുക്കി തുടങ്ങി നിരവധി ആരോപണങ്ങളാണ് പിണറായി വിജയൻ ഉയർത്തിയത്.
കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്നും വിദേശ സഹായം വിലക്കിയെന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞു. എയിംസ്, കെ റെയില്‍, ശബരി പാത തുടങ്ങി കേരളത്തോടുള്ള കേന്ദ്ര അവഗണന വിഷയങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പിണറായിയുടെ പ്രസംഗം.
ജനപ്രതിനിധി സംഘം കേരള ഹൗസില്‍ നിന്ന് പ്രതിഷേധ മാർച്ചുമായി രാവിലെ 11 മണിയോടെ ജന്തർമന്ദറിലേക്ക് എത്തുകയായിരുന്നു. തമിഴ്‌നാട് സർക്കാർ പ്രതിനിധിയും കേരളത്തിന്‍റെ സമരത്തിന് ഒപ്പം ചേർന്നു. കറുത്ത വസ്ത്രം ധരിച്ചാണ് തമിഴ്‌നാട് പ്രതിനിധി പഴനിവേല്‍ ത്യാഗരാജൻ പങ്കെടുത്തത്. സിപിഎം-സിപിഐ കേന്ദ്ര നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഫെഡറലിസം സംരക്ഷിക്കാൻ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.